ശബരിമല വിഷയം ചെന്നിത്തല ബിജെപിക്ക് ആളെ ചേര്‍ത്തുകൊടുക്കുന്നു: കാനം

കൊച്ചി: കേരളത്തിന്റെ മതേതര മനസ്സ് വര്‍ഗീയവല്‍ക്കരണത്തെ പിന്തുണയ്ക്കില്ലെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിക്ക് ആളെ ചേര്‍ത്തുകൊടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ച സംസ്ഥാന പഠനക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല പിന്തുടരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാതയാണോ എന്ന സംശയമുയരുകയാണ്. ചെന്നിത്തലയുടെ നിലപാട് കണ്ടിട്ട് അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാവാന്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് തോന്നുന്നത്. മതനിരപേക്ഷത സംരക്ഷിക്കണമെന്നും ബിജെപിയുടെ ആശയങ്ങള്‍ മതനിരപേക്ഷതയ്‌ക്കെതിരാണെന്നും പരസ്യമായി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷ നേതാവ് ബിജെപിക്ക് ആളെ ചേര്‍ത്തുകൊടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മതനിരപേക്ഷതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന കോണ്‍ഗ്രസ്സും വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്നു മോഹിക്കുന്ന ബിജെപിയും ഒരേ തൂവല്‍പ്പക്ഷികളായി നില്‍ക്കുന്നു. സര്‍ക്കാര്‍ പലതരത്തിലുള്ള വെല്ലുവിളികളെ ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. കോടതി വിധി എന്തായാലും അത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കാനം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ ശ്രമിച്ചാലും ഇതു വൈകാരിക പ്രശ്‌നമാക്കി മാറ്റാന്‍ കഴിയില്ല. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ സര്‍ക്കാര്‍ സുപ്രിംകോടതിയുടെ വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ മുന്നോട്ടുപോവുമെന്നും കാനം വ്യക്തമാക്കി.
Next Story

RELATED STORIES

Share it