Editorial

ശബരിമല വിവാദവും ഏക സിവില്‍ കോഡും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധി കേരള സര്‍ക്കാര്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച അവസരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിവാദത്തിന്റെ മേഖലകള്‍ വികസിപ്പിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമം നടത്തുകയുണ്ടായി. ശബരിമലയില്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന മുസ്‌ലിം പള്ളികളിലും അവര്‍ക്കു പ്രവേശനം നല്‍കാനായി തങ്ങള്‍ പോരാടുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഒരുതരത്തിലും പങ്കാളിയല്ലാത്ത മുസ്‌ലിം സമുദായത്തെ കൂടി വിവാദത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള ഈ ശ്രമം ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം, ശബരിമലയിലെ വിവാദത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പുതിയൊരു സമരമുഖം തുറക്കാനുള്ള ബോധപൂര്‍വമായ ശ്രമം അതിനു പിന്നിലുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് കേസുകള്‍ നല്‍കിയതും പ്രശ്‌നത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ച് വാദമുഖങ്ങള്‍ നിരത്തിയതും ഹിന്ദുസമുദായത്തിലെ അംഗങ്ങളും സമുദായസംഘടനകളും ഒക്കെയാണ്. നേരത്തേയും ക്ഷേത്രപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ശക്തമായ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നുവരുകയുണ്ടായി. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും അവര്‍ണരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അത്തരത്തിലുള്ള സ്വാഭാവികമായ ഒരു സാമൂഹിക പ്രക്രിയയുടെ ഭാഗമായാണ് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദങ്ങളെയും കാണേണ്ടത്. അതിനോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാനുള്ള അവകാശം സമൂഹത്തിലെ എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്.
പക്ഷേ, അതിനിടയില്‍ എങ്ങനെയാണ് മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തിന്റെ പ്രശ്‌നം കയറിവരുന്നത്? മുസ്‌ലിം പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് അവകാശം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ഏതെങ്കിലും മുസ്‌ലിം സ്ത്രീ കോടതി കയറിയതായോ അല്ലെങ്കില്‍ സിപിഎം അടക്കമുള്ള പ്രസ്ഥാനങ്ങളോട് അക്കാര്യത്തില്‍ സഹായം അഭ്യര്‍ഥിച്ചതായോ കേട്ടറിവില്ല. മാത്രമല്ല, മുസ്‌ലിം സമുദായത്തിലെ പള്ളികളില്‍ ഒരു വലിയ പങ്ക് സ്ത്രീകള്‍ക്ക് സൗകര്യപ്രദമായി നമസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതുമാണ്.
പിന്നെ എന്തിനാണ് കോടിയേരി അനവസരത്തില്‍ ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊന്തിച്ചുകൊണ്ടുവരുന്നത്? അതിന് ഉത്തരം കിട്ടണമെങ്കില്‍ കേന്ദ്ര ധനകാര്യമന്ത്രിയും നിയമവിദഗ്ധനും സംഘപരിവാര നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ തല്‍സംബന്ധമായ പ്രസ്താവനയുമായി ചേര്‍ത്തുവായിക്കണം. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമ പരിഷ്‌കാരവും അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യത്ത് വലിയ വിവാദമായി നിലനിന്ന ഏക സിവില്‍ കോഡിന്റെ പ്രശ്‌നങ്ങളിലേക്ക് വീണ്ടും കടക്കാനും ന്യൂനപക്ഷങ്ങളുടെ സാമുദായികവും മതപരവുമായ അവകാശങ്ങളുടെ മേല്‍ കടന്നാക്രമണം നടത്താനുമുള്ള പുതിയൊരു അവസരമായാണു പലരും ഇപ്പോഴത്തെ വിവാദത്തെ കാണുന്നത്. കോടിയേരി മുതല്‍ ജെയ്റ്റ്‌ലി വരെ ഈ നിരയില്‍ ഒന്നിച്ചാണു നില്‍ക്കുന്നത്.

Next Story

RELATED STORIES

Share it