ശബരിമല വിവാദം; ആര്‍എസ്എസ്-സിപിഎം ലക്ഷ്യം ഏക സിവില്‍ കോഡ്: ചെന്നിത്തല

കോഴിക്കോട്: ശബരിമല വിവാദങ്ങളുടെ മറവില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസും സിപിഎമ്മും ലക്ഷ്യമിടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയുടെ പേരില്‍ ജനത്തിനെ തെരുവിലേക്ക് ഇളക്കിവിട്ട് കേരളത്തില്‍ മതസ്പര്‍ധ ആര്‍എസ്എസ് ലക്ഷ്യമിടുമ്പോള്‍ അനാചാരങ്ങളെ വിശ്വാസങ്ങളുമായി കൂട്ടിക്കെട്ടി കുഴപ്പങ്ങളുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിനെ നവോത്ഥാനം പഠിപ്പിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നു കോടിയേരി പറയുമ്പോള്‍ സുന്നികളുടെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ ടി ജലീലും രംഗത്തുണ്ട്. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇവര്‍ക്കൊക്കെ ആരാണ് അവകാശം നല്‍കിയിരിക്കുന്നത്. കോടതി വിധികളെയൊന്നും വിമര്‍ശിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ അഴിമതിയിലെ ചെറിയ ഏടുമാത്രമാണിപ്പോള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണിത്. രണ്ടുദിവസത്തിനുള്ളില്‍ ഇതിലും വലിയൊരു ബോംബ് കൂടി പൊട്ടാനുണ്ട്. അതും കൂടി പൊട്ടിയാല്‍ ഇവിടത്തെ ഇടതുപക്ഷത്തെ ജനം കല്ലെറിയും. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഒരോ അഴിമതിയും പുറത്തു കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ പ്രമുഖനായൊരു നേതാവിന്റെ മകന്റെ ശുപാര്‍ശയിലാണ് കിന്‍ഫ്രയില്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചത്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന പാലക്കാട്ട് പോലും മദ്യനിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മുഖ്യമന്ത്രിയുടെയൊക്കെ തല പരിശോധിക്കണമെന്നാണ് പറയാനുള്ളത്. അഴിമതിയുടെ കാര്യത്തില്‍ നരേന്ദ്രമോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണമൊക്കെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിമാരൊക്കെ വിദേശത്ത് പോയി പണം പിരിക്കണമെങ്കില്‍ ഈ രാജ്യത്തിനും പുറം രാജ്യങ്ങള്‍ക്കുമെല്ലാം അവരവരുടേതായ നിയമങ്ങളുണ്ട്. അതറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിക്കണം. എന്നിട്ട് പിരിവിനിറങ്ങണം. അല്ലാതെ പിരിക്കാന്‍ വിടുന്നില്ലെന്നു പറഞ്ഞു കരഞ്ഞതുകൊണ്ട് കാര്യമില്ല. മന്ത്രിമാരുടെ വിദേശയാത്ര കോന്തന്‍ കൊല്ലത്ത് പോയപോലെയാവുമെന്നും ചെന്നിത്തല പരിഹസിച്ചു.

Next Story

RELATED STORIES

Share it