ശബരിമല: പുനപ്പരിശോധനാ ഹരജികള്‍ നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ വിധിക്കെതിരേ സുപ്രിംകോടതിയില്‍ അഞ്ച് പുനപ്പരിശോധനാ ഹരജികള്‍. നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്), മുംബൈയിലെ മലയാളി കൂട്ടായ്മ അയ്യപ്പ ഭക്തസംഘം, പീപ്പിള്‍സ് ഫോര്‍ ധര്‍മ, പന്തളം രാജകുടുംബം, ചേതന എന്നിവയാണ് ഹരജികള്‍ നല്‍കിയത്. ഹരജി അടുത്തമാസം ആദ്യം കോടതി പരിഗണിക്കും. വിധി വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും അടിസ്ഥാന വിശ്വാസങ്ങളുടെ യുക്തി കോടതി പരിശോധിക്കേണ്ട വിഷയമല്ലെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആചാരങ്ങളുടെ നിയമപരമായ പിന്‍ബലം പരിശോധിച്ചാല്‍ മതങ്ങളെ തന്നെ നിരോധിക്കേണ്ടിവരും. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് ചരിത്രപരമായ തെളിവുകള്‍ ധാരാളമുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ാം വകുപ്പിനെതിരാണ് കോടതി വിധി. കേസുമായി യാതൊരു ബന്ധവുമില്ലാത്ത മൂന്നാംകക്ഷിയായ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സ്ത്രീകള്‍ക്കു പ്രവേശനം ആവശ്യപ്പെട്ടത്. ഇവര്‍ അയ്യപ്പഭക്തരെ പ്രതിനിധീകരിക്കുന്നവരല്ല.
ജനങ്ങളുടെ വിശ്വാസങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അയ്യപ്പ ഭക്തസംഘം നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ തന്ത്രികുടുംബം ഉടന്‍ പുനപ്പരിശോധനാ ഹരജി നല്‍കും.
വിധി വന്ന് 30 ദിവസത്തിനുള്ളിലാണ് പുനപ്പരിശോധനാ ഹരജികള്‍ നല്‍കേണ്ടത്. കേസില്‍ ഇനിയും നിരവധി ഹരജികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ 30 ദിവസം തികയുന്ന ഈ മാസം 28ന് ശേഷമേ കേസ് പരിഗണിക്കണോ എന്നു കോടതി തീരുമാനിക്കൂ.

Next Story

RELATED STORIES

Share it