ശബരിമല നിയന്ത്രണത്തിന് സിപിഎം ശ്രമമെന്ന റിപോര്‍ട്ടിനെതിരേ ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം/കോട്ടയം: ശബരിമലയില്‍ മണ്ഡല, മകരവിളക്കു കാലത്തേക്കു ദിവസവേതനക്കാരെ നിയമിച്ച് നിയന്ത്രണം ഉറപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കെതിരേ ദേവസ്വംബോര്‍ഡ്. ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതു പതിവാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
അരവണ തയ്യാറാക്കല്‍, ഓഫിസ് ജോലി, കുടിവെള്ള വിതരണം, നാളികേരം നീക്കം ചെയ്യല്‍, പൂജാസാധനങ്ങള്‍ ശേഖരിക്കുക എന്നിങ്ങനെയുള്ള ജോലി—ക്കാണ് സാധാരണ ദിവസവേതനക്കാരെ നിയമിക്കുന്നത്. ഇത്തരം നിയമനങ്ങള്‍ക്ക് കാലാകാലങ്ങളില്‍ ചെയ്യുന്നതുപോലെ തന്നെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകരുടെ സെലക്ഷന്‍ ഇന്റര്‍വ്യൂ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.
നിയമനപ്രക്രിയ ഒന്നുമാവാത്ത സാഹചര്യത്തിലാണ് 1680 പേരെ നിയമിച്ചുവെന്ന് മാധ്യമവാര്‍ത്തകള്‍ പുറത്തുവരുന്നത്. മണ്ഡല-മകരവിളക്ക് ഉല്‍സവകാലം ഭംഗിയായി നടത്തിക്കൊണ്ടുപോവാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഇത്തരം നടപടികളെ തകര്‍ക്കുന്നവരുടെ ഗൂഢാലോചന വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. സുപ്രിംകോടതി വിധി വന്നശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു കോടതി വിധിക്കെതിരെയോ അത് നടപ്പാക്കുന്നതിനെതിരെയോ യാതൊരു തരത്തിലുമുള്ള നടപടികളും പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന വസ്തുത മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമലയെ കലാപഭൂമിയാക്കാനുള്ള പ്രകോപനപരമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ എല്ലാ പ്രസംഗങ്ങളും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ്.
ഒരു പ്രശ്‌നത്തെ സമചിത്തതയോടെ നേരിടാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്ന നിലയിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോവുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമലയില്‍ 1500 സിപിഎമ്മുകാരെ നിയമിക്കാനുള്ള നീക്കം. പണ്ട് ഗോപാല സേന എന്ന് കേട്ടിട്ടുണ്ട്, ഇന്ന് പിണറായി സേനയെ ശബരിമലയില്‍ വിന്യസിക്കാനുള്ള തീരുമാനമാണെങ്കില്‍ ഈ നീക്കത്തെ ഭക്തര്‍ ഒറ്റക്കെട്ടായി നേരിടും. ഇത് ജനങ്ങള്‍ തിരിച്ചറിയും എന്നുള്ള കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണം. ആര്‍എസ്എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ നേരിടാന്‍ സംഘര്‍ഷമല്ല സ്വീകരിക്കേണ്ടത്. സമാധാനത്തിന്റെയും ശാന്തിയുടെയും കേന്ദ്രമായി ശബരിമലയെ നിലനിര്‍ത്തുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ ഗവണ്‍മെന്റ് ഒരിക്കലും ശ്രമിക്കാന്‍ പാടില്ല. ദേവസ്വം ബോര്‍ഡ് ഏതാണ്ട് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡ് ഇനി പിരിച്ചുവിടുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ പോലിസ് നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കാത്ത സര്‍ക്കാര്‍, അടിയന്തരാവസ്ഥയ്ക്ക് തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരേ പോലിസ് നടപടികളുമായി നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it