ശബരിമല ദര്‍ശനം; അധ്യാപികയ്ക്ക് സംഘപരിവാര ഭീഷണി

കണ്ണൂര്‍: ശബരിമല ദര്‍ശനത്തിനുള്ള ആഗ്രഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ അയ്യപ്പഭക്തയായ കോളജ് അധ്യാപികയ്ക്ക് സംഘപരിവാര പ്രവര്‍ത്തകരുടെ ഭീഷണി. മല ചവിട്ടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഒരു സംഘം ആളുകള്‍ യുവതിയുടെ വീട്ടിനു മുന്നിലൂടെ രാത്രി ശരണമന്ത്രങ്ങള്‍ ഉരുവിട്ട് പ്രകടനം നടത്തി. 41 ദിവസം വ്രതമെടുത്ത് മലകയറാന്‍ കാത്തിരിക്കുന്ന കണ്ണൂര്‍ കണ്ണപുരം അയ്യോത്ത് സ്വദേശിനി രേഷ്മ നിശാന്തിനെതിരേയാണ് ഭീഷണി. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലും ഭീഷണികള്‍ നിറയുന്നുണ്ട്.
തീവ്രഹൈന്ദവ വികാരം ഉയര്‍ത്തുന്നവരാണ് ഭീഷണിക്കു പിന്നിലെന്ന് ഭര്‍ത്താവ് നിശാന്ത് പറഞ്ഞു. സംഭവമറിഞ്ഞ് കണ്ണപുരം പോലിസെത്തി. എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന ഭീഷണികളും എതിര്‍പ്പുകളും കാര്യമാക്കുന്നില്ലെന്നും മലയ്ക്കു പോകുമെന്നും രേഷ്മ പറഞ്ഞു. വിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരിയാണ് താന്‍. ലിംഗനീതിയുടെ പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ മല ചവിട്ടാന്‍ എത്തുമെന്നാണ് പ്രതീക്ഷ. താന്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല ദര്‍ശനാഗ്രഹം വെളിപ്പെടുത്തിയ രേഷ്മ നിശാന്തിന് ധൈര്യമായി മല ചവിട്ടാമെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കും. വിശ്വാസികള്‍ക്കെല്ലാം സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് വൃത്തികെട്ട സങ്കുചിത രാഷ്ട്രീയം കളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നായിരുന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ശബരിമലയില്‍ പോകുമെന്നു പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയപ്രേരണയുണ്ടാകാം. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it