ശബരിമല: അന്തരീക്ഷം പ്രക്ഷുബ്ധം; നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

തിരുവനന്തപുരം/ന്യൂഡല്‍ഹി: ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ മല കയറാനെത്തിയ രണ്ടു യുവതികള്‍ പോലിസ് സംരക്ഷണയില്‍ നടപ്പന്തല്‍ വരെ എത്തിയിരുന്നു. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് യുവതികളുമായി ചര്‍ച്ച നടത്തുകയും ഇവര്‍ തിരിച്ചിറങ്ങുകയും ചെയ്തു.
അതേസമയം, വൈകുന്നേരം പമ്പയില്‍ ഏഴംഗ പ്രവര്‍ത്തകര്‍ പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് സമീപം നാമജപ പ്രാര്‍ഥന തുടങ്ങി. ഉടനെ പോലിസ് എത്തുകയും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടിയിരിക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍, പിരിഞ്ഞുപോവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിലയ്ക്കലില്‍ നാമജപയജ്ഞത്തിനെത്തിയ ബിജെപി സംസ്ഥാന നേതാവ് രേണുവിനെയും അറസ്റ്റ് ചെയ്തു നീക്കി.
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും പോലിസ് മേധാവിമാര്‍ക്കുമാണ് കേന്ദ്രം നിര്‍ദേശം അയച്ചിരിക്കുന്നത്. 17ന് നട തുറക്കുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 16നാണ് മന്ത്രാലയത്തിന്റെ ആഭ്യന്തര സുരക്ഷാവിഭാഗം നോട്ടീസ് അയച്ചത്. സ്ത്രീപ്രവേശനത്തിനെതിരേ ബിജെപി-ആര്‍എസ്എസ് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ പ്രതിരോധത്തിലാക്കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നു. 17ന് ശബരിമല നട തുറക്കുമ്പോള്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെതിരേ വിവിധ ഭാഗങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടാവും. പ്രവേശനം നല്‍കണമെന്ന് വനിതാ സംഘടനകളും നല്‍കരുതെന്ന് പ്രതിഷേധക്കാരും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാക്രമീകരണങ്ങളും ശബരിമലയില്‍ ഒരുക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. കോടതിവിധിയുടെ മറവില്‍ വനിത, പൗരാവകാശ പ്രവര്‍ത്തകരും ഇടതു പാര്‍ട്ടികളും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ശ്രമിക്കും. ഇതിനെതിരേ പ്രതിഷേധമുണ്ടാവും. സംസ്ഥാനവ്യാപക പ്രതിഷേധത്തിനും ചില ജാതിമത സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. സുപ്രിംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുമ്പോഴാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് കോടതി വിധി നടപ്പാക്കുന്നതിന് സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
സമരക്കാരെ നേരിടുന്നതിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് സംസ്ഥാന സര്‍ക്കാരിന് പിടിവള്ളിയായി. നേരത്തേ കോടതിവിധി സ്വാഗതം ചെയ്ത ആര്‍എസ്എസ് സമ്മര്‍ദം വന്നതോടെ പിന്നീട് നിലപാട് മാറ്റി വിശ്വാസികളുടെ വികാരത്തോടൊപ്പമാണെന്ന് അവകാശപ്പെട്ട് രംഗത്തുവരുകയായിരുന്നു. ശബരിമലയില്‍ ആക്രമണം നടത്തുന്നത് തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കേരളത്തിനാണ് ചുമതലയെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ കത്ത്.

Next Story

RELATED STORIES

Share it