ശബരിമല അക്രമികളുടെ താവളമാക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. ശബരിമലയെ അക്രമികളുടെ താവളമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. ശബരിമല ഉല്‍സവംപോലുള്ള കാര്യങ്ങളില്‍ പന്തളം കൊട്ടാരത്തിനുള്ള അവകാശങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തന്ത്രി ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. പരികര്‍മികള്‍ സമരം ചെയ്തു. വിശ്വാസികളുടെ വഴിമുടക്കലല്ല, അവര്‍ക്കു ക്ഷേത്രത്തിലെത്താനുള്ള സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്തമാണ് തന്ത്രിക്കുള്ളത്. സുപ്രിംകോടതി ഉത്തരവാണ് ചിലര്‍ ബഹളത്തിലൂടെ തിരുത്താന്‍ ശ്രമിക്കുന്നത്. വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നു. ആരാധനാസ്ഥലത്ത് ശാന്തിയും സമാധാനവുമാണ് ആവശ്യം. ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല നട തുറക്കുന്നതിനു മുമ്പുതന്നെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിയത്. സര്‍ക്കാര്‍ ഒരു വിശ്വാസിയെ പോലും തടഞ്ഞിട്ടില്ല. പന്തല്‍ കെട്ടി സമരം ചെയ്യുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, ഇവര്‍ ഭക്തരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലും അക്രമമുണ്ടായി. തങ്ങള്‍ പറയുന്ന രീതിയില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്കു നേരെ അക്രമം നടക്കുമ്പോള്‍ തന്നെ അവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇത് സംഘപരിവാരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. ശബരിമല സംഘര്‍ഷഭൂമിയാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. അക്രമികളെ പുറത്താക്കി വിശ്വാസികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന രീതിയിലേക്ക് ശബരിമലയെ മാറ്റും. സ്ത്രീകള്‍ക്കു നേരെ വലിയ കൈയേറ്റമാണ് ശബരിമലയില്‍ ഉണ്ടായത്.
അവലോകനയോഗത്തിന് എത്തിയ സ്ത്രീകളെ പോലും തടയുകയുണ്ടായി. ഇതില്‍ ദേവസ്വം ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും. പോലിസിനെ പോലും വര്‍ഗീയമായി ആക്രമിക്കുന്ന രീതി ശബരിമലയിലുണ്ടായി. പോലിസില്‍ വര്‍ഗീയമായ ചേരിതിരിവിനാണ് ബിജെപി പ്രസിഡന്റ് ശ്രമിച്ചത്. അയ്യപ്പവിശ്വാസിയായ ഒരു പോലിസ് ഓഫിസര്‍ ദര്‍ശനത്തിന് എത്തിയത് ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ഥിതിപോലുമുണ്ടായി. ജാതിയും മതവും നോക്കി പോലിസുകാരെ നിയോഗിക്കുന്ന കീഴ്‌വഴക്കം കേരളത്തിലില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 302.18 കോടി രൂപയാണ്. ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കാറില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it