ശബരിമലയില്‍ വനിതാ പോലിസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കും: ഡിജിപി

കൊച്ചി/തിരുവനന്തപുരം: സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഈ മാസം തന്നെ വനിതാ പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടാണ്. ചില ആളുകള്‍ക്ക് വിശ്വാസമുണ്ടായിരിക്കും പക്ഷേ, ഡ്യൂട്ടിയുമായി ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ല. തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നടതുറക്കുമ്പോള്‍ വനിതാ പോലിസുകാര്‍ സന്നിധാനത്തുണ്ടാവുമെന്നും ഡിജിപി പറഞ്ഞു. മണ്ഡലകാലത്ത് 500 വനിതാ പോലിസുകാരെ വിന്യസിക്കാനാണ് തീരുമാനം. സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വനിതാ പോലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഡിജിപി പറഞ്ഞു.
അതേസമയം ശബരിമല ഡ്യൂട്ടിക്കായി വനിതാ പോലിസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പ്ലാറ്റൂണ്‍ വനിതാ പോലിസിനെയെങ്കിലും അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്ങനെയെങ്കില്‍ 150ലേറെ വനിതാ പോലിസുകാരെ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിക്കും. ഈ സംസ്ഥാനങ്ങളില്‍ നിന്നു സ്ത്രീകളെത്തിയേക്കാമെന്നതിനാലാണ് ഇവിടെനിന്നു വനിതാ പോലിസിനെയും കൊണ്ടുവരുന്നത്.
ഇതു കൂടാതെ കേരളത്തില്‍ നിന്നുള്ള 400ലേറെ വനിതാ പോലിസും ശബരിമലയിലെത്തും. വനിതാ പോലിസില്‍ ചിലര്‍ക്ക് ശബരിമലയ്ക്ക് പോവാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ളവരെ ഒഴിവാക്കി ക്യാംപുകളില്‍നിന്നും വുമണ്‍ ബറ്റാലിയനില്‍ നിന്നും വനിതകളെ കണ്ടെത്താനാണു ഡിജിപിയുടെ നിര്‍ദേശം.
സന്നിധാനത്തു വനിതാ പോലിസുണ്ടാവുമെങ്കിലും 18ാം പടിയടക്കം തിരക്കു കൂടുതലുള്ളയിടങ്ങളില്‍ പുരുഷ പോലിസിനു തന്നെയാവും സുരക്ഷയുടെ പ്രധാന ചുമതല. തിങ്കളാഴ്ചയോടെ പോലിസ് വിന്യാസത്തില്‍ അന്തിമരൂപമാവും.

Next Story

RELATED STORIES

Share it