ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലിസ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പ്രതിഷേധങ്ങള്‍ തടയാന്‍ മുന്‍കരുതലൊരുക്കി പോലിസ്. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും തങ്ങാന്‍ അനുവദിക്കില്ല. ഒരു ദിവസത്തില്‍ കൂടുതല്‍ മുറികളും അനുവദിക്കേണ്ടെന്ന് ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലിസിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി.
തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ ഇരട്ടി മണ്ഡലകാലത്ത് ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുന്‍കരുതല്‍ നടപടികളുമായി പോലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി എസ്പിമാരുമായി പോലിസ് ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്. സംഘപരിവാര പ്രവര്‍ത്തകര്‍ സന്നിധാനത്ത് തങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് യോഗം വിലയിരുത്തി.
വരുംകാലങ്ങളില്‍ ഇതു തടയാനാവശ്യമായ നടപടികള്‍ക്ക് യോഗം രൂപംനല്‍കിയിട്ടുണ്ട്. ഭക്തര്‍ വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്തും, നിലയ്ക്കലിലെ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം ഉണ്ടാവും. അക്രമികളായ 210 പ്രതികളുടെ ഫോട്ടോ അടക്കം പോലിസ് തയ്യാറാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടിവരും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപോര്‍ട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിന് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. പമ്പയില്‍ കൂടുതല്‍ വനിതാ പോലിസുകാരെ വിന്യസിക്കില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ വിവിധ ജില്ലകളിലായി 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലാകളില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം.
സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ദേവസ്വം ബോര്‍ഡിന് പോലിസ് റിപോര്‍ട്ട് നല്‍കും. 29ന് വീണ്ടും ഉന്നതതലയോഗം ചേരും. ഉല്‍സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പോലിസുദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹികവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പോലിസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കും.

Next Story

RELATED STORIES

Share it