ശബരിമലയില്‍ നടന്നത് വന്‍ കലാപനീക്കം: കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോധപൂര്‍വം ആക്രമണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണ് തടയേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം തന്നെയാണ് തന്റേതും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ കുറച്ചുകൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.
നേരത്തേ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ കടകംപള്ളി രംഗത്തുവന്നിരുന്നു. ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല. യുവതികളെ മല കയറ്റിയ നടപടിയില്‍ പോലിസ് ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. അതേസമയം, ശബരിമലയില്‍ ഇന്നലെ നടന്നത് വന്‍ കലാപനീക്കമെന്ന് കടകംപള്ളി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടത്.
പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്ന് നടപ്പന്തലില്‍ എത്തുന്നതുവരെയുള്ള 2.15 മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നത് ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു.
ആക്ടിവിസ്റ്റ് യുവതിയുടെ സന്ദര്‍ശനം ബിജെപി ആസൂത്രണം ചെയ്തതാണോ എന്ന സംശയവുമുണ്ട്. ആ യുവതിയുടെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതില്‍ നിന്നാണ് സംഭവം ആസൂത്രിതമാണെന്ന സംശയം വന്നത്. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയും മന്ത്രി സ്വാഗതം ചെയ്തു. വിധിയില്‍ മാറ്റം വരുകയാണെങ്കില്‍ കോടതിവിധിക്ക് അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it