ശബരിമലപുനപ്പരിശോധനാ ഹരജി നല്‍കിയതായി പി സി ചാക്കോ

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നടത്താമെന്ന സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരേ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ അറിയിച്ചു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ റിട്ട് ഹര്‍ജി നല്‍കുമെന്നും പി സി ചാക്കോ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയതെന്ന് പി സി ചാക്കോ പറഞ്ഞു. കഴിഞ്ഞ 20ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്്്ട്രീയകാര്യ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേരളത്തിലെ വിശ്വാസ സമൂഹത്തില്‍ 90 ശതമാനവും ശബരിമലയിലെ പരമ്പരാഗത ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുവാന്‍ തീരുമാനിച്ചതെന്നും സുപ്രിംകോടതിയിലെ ഇടപെടലുകള്‍ക്കായി തന്നെ ചുമതലപ്പെടുത്തിയത്.
ദേവസ്വം ബോര്‍ഡാണ് ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരേ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രയാര്‍ ഗോപാലകൃഷ്ണന് പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ കെപിസിസി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it