palakkad local

ശങ്കരമംഗലത്തെ ഭീമന്‍ ക്രഷറിനെതിരേ എതിര്‍പ്പ് ശക്തമാവുന്നു

എംവി വീരാവുണ്ണി
പട്ടാമ്പി: പ്രവര്‍ത്തനം പുരോഗമിക്കുന്ന ശങ്കര മംഗലത്തെ ഭീമന്‍ ക്രഷറിനെതിരേ എതിര്‍പ്പ് ശക്തമാവുന്നു. ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമൈന്ന ആശങ്കയാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. 964 എച്ച് പി ശക്തിയുള്ള ക്രഷര്‍ വരുന്നതോടെ തൊട്ടടുത്തുള്ള ചോലയില്‍ കോളനിയിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള ജലദൗര്‍ലഭ്യം ഉണ്ടാവും. ശ്വാസകോശ രോഗങ്ങള്‍, ത്വഗ് രോഗങ്ങള്‍തുടങ്ങി കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ക്രഷറിന്റെ പ്രവര്‍ത്തനങ്ങ ള്‍ വഴിവെക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദരുടെ മുന്നറിയിപ്പ്.
ക്രഷറുകളുടെ പ്രവര്‍ത്തനം ജനജീവിതത്തിന് തടസ്സമാകുമെന്നു ടൂണ്ടിക്കാട്ടി പട്ടാമ്പി നഗരസഭയിലെ 12 കൗണ്‍സിലര്‍മാര്‍  നഗരസഭാ യോഗത്തി ല്‍ ക്രഷറിന് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 3 പേര്‍ ഭരണ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളാണ്. എന്നാല്‍ വിയോജന കുറിപ്പിന്റെ ഗൗരവം മനസിലാക്കി വിഷയം യോഗത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ പോലും തയ്യാറാകാതെ നഗരസഭാ ഭരണ സമിതി 12 നെതിരെ 16 പേരുടെ പിന്‍തുണയോടെ ക്രഷറിന് അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ജന ജീവിതത്തിന് വന്‍ ഭീഷിണിയാവുന്ന ശങ്കരമംഗലത്തെ സൂപ്പര്‍ ഗ്രാനൈറ്റ് ക്രഷര്‍ പ്രദേശം എതിരഭിപ്രായമുളള നഗരസഭ കൗണ്‍സിലര്‍മാരും മറ്റു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്ദര്‍ശിച്ചു.
പ്രകൃതി രമണീയമായ 60 ഏക്കര്‍ സ്ഥലമാണു വ്യത്യസ്ഥ ആളുകളുടെ പേരുകളില്‍ ക്രഷറിനായി സ്ഥലം ഉടമകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നഗരസഭയുടെ പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഖനനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 6 എംഎം, 20 എംഎം, പാറപ്പൊടി എന്നിവയാണ് ഇവിടെ നിന്നും ജില്ലക്കകത്തും പുറത്തുമായി ദിനംപ്രതി കൊണ്ടുപോവുന്നത്.
ക്രഷറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊട്ടടുത്തുള്ള ക്വാറികളില്‍ വെള്ളം സംഭരിച്ചു വെച്ചിരിക്കുകയാണ്. മണലിന് പകരമായി ഉപയോഗിക്കുന്ന നിലവില്‍ ആരംഭിച്ചിട്ടില്ലാത്ത എംസാന്റിന്റെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ക്രഷറിന്റെ പ്രവര്‍ത്തനത്തിനായി പ്രതിദിനം വേണ്ടിവരും.
ഇത്  പ്രദേശത്ത് വന്‍ ജലചൂഷണത്തിന് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. നഗരസഭ ലൈസന്‍സ് നല്‍കുന്നതിന് മുമ്പുതന്നെ ക്രഷറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിലും ദൃതി പിടിച്ച് നഗരസഭാ ഭരണ സമിതി ലൈസന്‍സ് നല്‍കാന്‍ തിരുമാനമെടുത്തതിനും ദുരൂഹതയുണ്ടെന്ന് പ്രദേശം സന്ദര്‍ശിച്ച  കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതിനു പിറകില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഇക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് ഉണ്ടാകാന്‍ പോകുന്ന ഗുരുതരമായ  ദുരന്തത്തെ കുറിച്ചു സമീപവാസികള്‍ ഭീതിയിലാണ്. ക്രഷറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും അതിനായി അനുമതി നല്‍കാന്‍ കൂട്ടുനിന്നവരുടെയും പ്രലോഭനങ്ങളില്‍ പെട്ടു പോവാതെ ക്രഷറിനും അനുമതി നല്‍കിയത് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
Next Story

RELATED STORIES

Share it