Flash News

ശക്തന്റെ തട്ടകത്തില്‍ കലാപൂരത്തിനു കൊടിയേറി

കെ എം അക്ബര്‍

തൃശൂര്‍: മതിവരാക്കാഴ്ചകളുടെ വര്‍ണങ്ങള്‍ നിറയ്ക്കുന്ന കൗമാരകലാപൂരത്തിന് ശക്തന്റെ തട്ടകത്തില്‍ കൊടിയേറ്റം. കലാപൂരപ്പന്തലുകള്‍ ദീപാലംകൃതമായതോടെ തൃശൂര്‍ നഗരം കൗമാരപൂരത്തിന്റെ പ്രഭാവലയത്തിലായി. ഇനി അഞ്ചു നാള്‍ കലാപ്രേമികള്‍ പൂരനഗരി കൈയടക്കും. തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഇന്നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. വ്യവസായമന്ത്രി എ സി മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയായ നീര്‍മാതളത്തിനു മുന്നില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ മോഹന്‍കുമാറാണ് ഇന്നലെ കലാമാമാങ്കത്തിനു കൊടിയുയര്‍ത്തിയത്. പ്രധാന വേദിയായ നീര്‍മാതളത്തിന്റെ മുന്‍വശത്ത് രാവിലെ 8.45നു കേരളീയ തനതു കലയുടെ ദൃശ്യവിസ്മയം അരങ്ങേറും. 58 കലാധ്യാപകര്‍ ആലപിക്കുന്ന സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ആദ്യദിനം ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടം, ഭരതനാട്യം, ഹയര്‍സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട് ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട്, ഒപ്പന അരങ്ങേറും. കലോല്‍സവ മാന്വല്‍ പരിഷ്‌കരിച്ചതിനു ശേഷമുള്ള ആദ്യ കലോല്‍സവമാണിത്. പുറമേ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്, 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡ്, എല്ലാവര്‍ക്കും ട്രോഫി, ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങിയ ഗുണമേന്മയ്ക്കും സര്‍ഗാത്മകതയ്ക്കും മുന്‍തൂക്കം നല്‍കുന്നതാണ് 58ാമത് സ്‌കൂള്‍ കലോല്‍സവം.
Next Story

RELATED STORIES

Share it