Alappuzha

വ്രതം സ്വാതന്ത്ര്യബോധത്തിന്റെ ഉത്തേജനോപാധി

ആയത്തുല്ല മുഹമ്മദ് ഹുസയ്ന്‍ ഫദ്‌ലുല്ല
നാം ഇപ്പോള്‍ റമദാന്‍ മാസത്തിലാണ്. നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം പച്ചത്തഴപ്പാര്‍ന്നൊരു മരുപ്പച്ച. ഉന്മിഷത്തായ ആ അന്തരീക്ഷത്തിന്റെ ശാദ്വലതയില്‍ ആത്മീയതയുടെ വിശുദ്ധലഹരിയോടെ ആമോദത്തിലാറാടുകയാണ് നാം. പാതിരാവിന്റെ അനര്‍ഘ നിമിഷങ്ങളില്‍ പ്രത്യാശയുടെയും ഭയത്തിന്റെയും മധ്യേ നിന്നുകൊണ്ട് ദൈവവുമായുള്ള മൗനഭാഷണത്തിലാണ് നാം. അവന്റെ കരുണാകടാക്ഷത്തെക്കുറിച്ച് നമുക്ക് എന്തോ ഒരു ഉറപ്പുണ്ട് എപ്പോഴും.
അതുകൊണ്ടാണ് നാം ഇങ്ങനെ പ്രാര്‍ഥിക്കുന്നത്: ''എന്റെ ദൈവമേ, പ്രതീക്ഷയോടും ഭയത്തോടും കൂടി ഞാന്‍ നിന്റെ കരുണയെ തേടുന്നു. എന്റെ രക്ഷിതാവേ, എന്റെ പാപങ്ങള്‍ കാണുമ്പോള്‍ എനിക്ക് പേടിയാവുന്നു. എന്നാലോ, നിന്റെ ഔദാര്യം ഓര്‍ക്കുമ്പോള്‍ നിന്നിലുള്ള എന്റെ പ്രതീക്ഷ തിടംവയ്ക്കുന്നു. നീ എനിക്ക് പൊറുത്തുതന്നാല്‍ നിന്നെപ്പോലെ കരുണ കാണിക്കുന്നവന്‍ മറ്റാരുണ്ട്? നീ ശിക്ഷിക്കുകയാണെങ്കിലും നീ അനീതി കാണിക്കുകയില്ല.''
ഇങ്ങനെ മനുഷ്യാത്മാവ് ആത്മീയ ചൈതന്യത്താല്‍ വിധാതാവിന്റെ സന്നിധിയിലേക്ക് ആരോഹണം ചെയ്യുന്നു. തന്റെ ഭാഗധേയത്തെ സംബന്ധിച്ച അവന്റെ അസ്വസ്ഥതകള്‍ ദൈവിക സംപ്രീതിയുടെ സ്വാസ്ഥ്യതീരമണയുന്നു. അത് അവനിലൊതുങ്ങാതെ സ്‌നേഹസാഹോദര്യത്തിന്റെ തരംഗങ്ങളായി സമൂഹത്തിലൊന്നാകെ പ്രസരിക്കുന്നു.
ഇസ്‌ലാമിനു ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള ഉപാധികളിലൊന്നാണ് നോമ്പ്. ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ലക്ഷ്യങ്ങളിലൊന്നാണ് മനുഷ്യാത്മാവില്‍ ഇച്ഛാശക്തിയും സ്വാതന്ത്ര്യബോധവും വളര്‍ത്തുകയെന്നത്. മനുഷ്യനു ചില സന്ദര്‍ഭങ്ങളില്‍ അതേയെന്നു പറയാന്‍ സാധിക്കേണ്ടതുണ്ട്. മറ്റു ചിലപ്പോള്‍ ഇല്ല എന്നു വിസമ്മത പ്രകടനവും നടത്തണം. ആസക്തികള്‍ അവനെ കീഴ്‌പ്പെടുത്താന്‍ തുനിയുമ്പോള്‍, അക്രമി തന്റെ താല്‍പര്യങ്ങള്‍ക്ക് അവനെ വിധേയനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ല എന്നു പറയാന്‍ അവനു സാധിക്കണം. ജീവിതത്തില്‍ അവന്‍ സ്വതന്ത്രനായിരിക്കണം. തന്നെപ്പോലുള്ള മനുഷ്യന്റെ അടിമയാവരുത് അവന്‍. സ്വന്തം ദൈവാത്മാവിന്റെ യജമാനന്‍ താന്‍ തന്നെയായിരിക്കണം.
ജീവിതത്തില്‍ നമ്മുടെ ഇച്ഛാശക്തിക്കായിരിക്കണം വികാരങ്ങള്‍ക്കു മേലുള്ള കടിഞ്ഞാണ്‍. ഇച്ഛാശക്തി വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാമിന് അതിന്റേതായ ചില പ്രായോഗിക ശിക്ഷണരീതികളുണ്ട്. ആ ശിക്ഷണരീതികളിലൊന്നാണ് വ്രതം. ശരീരം ആത്മാവിനെ അതിജയിക്കുന്നതിനെ വ്രതം തടയിടുന്നു.
ദൈവത്തിനുള്ള ആരാധനയുമാണ് വ്രതം. ഇതര ഇബാദത്തുകള്‍ പോലെ ഒരു ഇബാദത്ത്. മനുഷ്യന്‍ അവിടെ തന്റെ വിധാതാവുമായി സന്ധിക്കുന്നു. അപ്പോള്‍ അവന്റെ ഇച്ഛകളാസകലം ദൈവത്തിന്റെ ഇച്ഛയിലേക്ക് സംലയിക്കുന്നു. പക്ഷേ, ആ ഇച്ഛകള്‍ അലിയുന്നത് മരിച്ച് ശൂന്യമാവാന്‍ വേണ്ടിയല്ല, ജീവചൈതന്യം ആര്‍ജിക്കാന്‍ വേണ്ടിയാണ്. സ്രഷ്ടാവിനു കീഴൊതുങ്ങിയും അവനില്‍ വിശ്വാസം അര്‍പ്പിച്ചും സംഘട്ടനഭൂമിയില്‍ നടക്കുന്ന സംഭവവികാസങ്ങളെ അഭിമുഖീകരിക്കാനുള്ള അധികശക്തി നേടിയെടുക്കുന്നതിനു വേണ്ടി.
ദൈവത്തിനു വേണ്ടിയുള്ള യഥാര്‍ഥ അടിമത്തത്തിന്റെ മാതൃകയായ ഈ അലിയല്‍ പ്രക്രിയയിലാണ് മനുഷ്യ കരുത്തിന്റെ പ്രഭവകേന്ദ്രവും അവന്റെ സ്വാതന്ത്ര്യത്തിന്റെ ഉറവയും. എന്തുകൊണ്ടെന്നാല്‍, ആത്മാര്‍ഥമായ ദൈവാര്‍പ്പണത്തിലും അവന്റെ ശാസനാനിരോധങ്ങള്‍ ശിരസാവഹിക്കുന്നതിലുമാണ് മറ്റൊരു ശക്തിക്കു മുമ്പിലും തല കുനിക്കാത്ത അവന്റെ അദൃശ്യമായ സ്വാതന്ത്ര്യബോധം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് നോമ്പ് ഇബാദത്തും സഹജീവികള്‍ക്കും ദൈവേച്ഛകള്‍ക്കുമുള്ള അടിമത്തത്തില്‍ നിന്ന്  അവനെ മോചിപ്പിക്കുന്ന പ്രക്രിയയുമായിത്തീരുന്നത്.
Next Story

RELATED STORIES

Share it