World

വ്യോമാക്രമണം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി: ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍:  സിറിയയിലെ വ്യോമാക്രമണത്തില്‍ പങ്കാളികളായത് ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് എംപിമാര്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കും. സിറിയയില്‍ നയതന്ത്ര പരിഹാരം അന്വേഷിക്കേണ്ടതിനു പകരം ബോംബ് പ്രയോഗിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആക്രമണം തുടരവേയാണ് തെരേസ മേയുടെ പ്രതികരണം. സിറിയയില്‍ ഇനിയൊരു രാസായുധ പ്രയോഗം നടക്കാതിരിക്കാനും മനുഷ്യര്‍ കെടുതികളിലേക്ക് വീണുപോവാതിരിക്കാനും വേണ്ടി ചെയ്ത നടപടിയാണ് തന്റേതെന്നാണ് മേയ് അഭിപ്രായപ്പെടുന്നത്.
മനുഷ്യരനുഭവിക്കുന്ന കെടുതികള്‍ തടയുകയെന്നത് ബ്രിട്ടന്റെ ദേശീയ താല്‍പര്യമാണ്. രാസായുധങ്ങള്‍ ഒരിക്കലും പ്രയോഗിക്കപ്പെടാന്‍ പാടില്ലെന്ന് ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പൊതുധാരണയെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ബ്രിട്ടന്‍ എന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടനടക്കമുള്ള പടിഞ്ഞാറന്‍ നാടുകളുടെ നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ വഴിയൊരുക്കില്ലെന്നു പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ ചൂണ്ടിക്കാട്ടി. ഒന്നുകില്‍ ഈ ആക്രമണം ആളൊഴിഞ്ഞ കെട്ടിടങ്ങളെ മാത്രം ബാധിക്കും. ഇല്ലെങ്കില്‍ വന്‍തോതിലുള്ള പട്ടാളനീക്കങ്ങളിലേക്ക് വഴിമാറുമെന്നും ജെര്‍മി കോര്‍ബിന്‍, ദി ഗാര്‍ഡിയനിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. മരണസംഖ്യ അന്തമില്ലാതെ ഉയര്‍ത്താനും സംഘര്‍ഷത്തിന് വഴിയൊരുക്കാനും മാത്രമേ ഈ നീക്കം കൊണ്ട് സാധിക്കൂ. യുദ്ധത്തിന് അവസാനമുണ്ടാവില്ല എന്നതായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it