kannur local

വ്യാപാര സമുച്ചയങ്ങളില്‍ പാര്‍ക്കിങിന്റെ പേരില്‍ അനധികൃത പിരിവ്

കണ്ണൂര്‍: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കണ്ണൂര്‍ നഗരത്തിലെ വ്യാപാര സമുച്ചയങ്ങളില്‍ വീണ്ടും പാര്‍ക്കിങിന്റെ പേരില്‍ അനധികൃത പണപ്പിരിവ് സജീവമായി. വ്യാപാര സമുച്ചയങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരില്‍നിന്നു പാര്‍ക്കിങ് ഫീസ് പിരിക്കരുതെന്നു കോര്‍പറേഷന്‍ പലവട്ടം വ്യക്തമാക്കിയിട്ടും ഫലമില്ല.
മിക്ക ഷോപ്പിങ് മാളുകളിലും ഇതാണ് സ്ഥിതി. മുമ്പ് ഉപഭോക്താക്കളില്‍നിന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, നടപടികള്‍ നോട്ടീല്‍ ഒതുങ്ങിയതോടെയാണ് അനധികൃത പിരിവ് വീണ്ടും സജീവമായത്.
വാഹനം നിര്‍ത്തിയിടാനായി മാത്രം വരുന്നവരില്‍നിന്ന് പണം ഈടാക്കാമെങ്കിലും മാളിലെ കടകളിലെത്തുന്ന ഉപഭോക്താക്കളില്‍നിന്ന് ഫീസ് പിരിക്കരുതെന്ന് 2017 സപ്തംബറില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കിയിരുന്നു. പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ ഉടമ സമര്‍പ്പിച്ച അപേക്ഷയിലായിരുന്നു തീരുമാനം.
സാധനങ്ങള്‍ വാങ്ങാനല്ലാതെ പാര്‍ക്കിങിനു വേണ്ടി മാത്രം ആളുകള്‍ വരുന്നുണ്ടോയെന്നു നോക്കേണ്ട ബാധ്യത കെട്ടിട ഉടമയ്ക്കാണ്. അതിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കാനാവില്ലെന്നും മേയര്‍ വ്യക്തമാക്കുകയുണ്ടായി. കെട്ടിടനിര്‍മാണചട്ട പ്രകാരം നിശ്ചിത അളവില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇതു ലംഘിച്ച് നടത്തുന്ന പാര്‍ക്കിങ് ഫീ പിരിവിനെതിരേ കെഎംവിആര്‍ 99 റൂള്‍ പ്രകാരം കോര്‍പറേഷന് നടപടി സ്വീകരിക്കാം.
സിനിമാശാലകള്‍ 15 സീറ്റിന് ഒരു കാര്‍ ഏരിയ എന്ന വിധത്തില്‍ പാര്‍ക്കിങ് സൗകര്യം സൗജന്യമായി നല്‍കണം. ആശുപത്രികള്‍ 75 ചതുരശ്ര മീറ്ററിന് ഒരു കാര്‍ പാര്‍ക്കിങ് സൗകര്യമൊരുക്കണം.
അനധികൃത പാര്‍ക്കിങ് ഫീ പിരിവ് റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് റിപോര്‍ട്ട് ചെയ്യണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള വിപുലമായ അധികാരമാണ് നിയമം കോര്‍പറേഷനു നല്‍കുന്നത്. എന്നാ ല്‍, പലപ്പോഴും പൂര്‍ണമായ റിപോര്‍ട്ട് സമര്‍പ്പിക്കാതെ ഒത്തുകളിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it