Alappuzha local

വ്യാപാരസ്ഥാപനത്തിലെ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി



ചേര്‍ത്തല: തിരക്കുള്ള സമയത്ത് കടയില്‍ നിന്ന് അന്‍പതിനായിരം രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ചേര്‍ത്തല ഇരുമ്പുപാലത്തിന് പടിഞ്ഞാറുവശത്തെ ഖാദി ഗ്രാമോദ്യോഗ ഭവനിലെ മേശയുടെ വലിപ്പിന് സമീപം സൂക്ഷിച്ചിരുന്ന ബാഗാണ് നഷ്ടപ്പെട്ടത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍  അന്‍പതിനായിരം രൂപയും മറ്റുരേഖകളും അടങ്ങിയ ബാഗ് അപഹരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം  വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. കടയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് രണ്ടുപേര്‍ എത്തി ബെഡ്ഷീറ്റും ഷര്‍ട്ടും ആവശ്യപ്പെട്ടു. കടയുടമ രാജശേഖരന്‍ നായര്‍ ഇവയെല്ലാം എടുത്തുകാണിച്ചു. കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് തുണി മുറിച്ചുകൊടുക്കാനായി രാജശേഖരന്‍ നായര്‍ മാറിയപ്പോള്‍ പിന്നെ വരാമെന്ന് പറഞ്ഞ് ഇവര്‍ പുത്തേക്കിറങ്ങി. അല്‍പ്പസമയം കഴിഞ്ഞ് മേശയുടെ അടുത്തെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. രാജശേഖരന്‍നായരുടെ കാലിത്തീറ്റ വ്യാപാരസ്ഥാപനത്തിലെ വിറ്റുവരവ് തുകയായിരുന്നു ബാഗിലുണ്ടായിരുന്നത്. ബാങ്ക് പാസ്ബുക്കുകള്‍, ചെക്കുബുക്കുകള്‍ എന്നിവയും ബാഗിലുണ്ടായിരുന്നു. ബാഗിലുണ്ടായിരുന്ന പേഴ്‌സില്‍, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും സൂക്ഷിച്ചിരുന്നു. ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഇവര്‍ക്ക് ഉദ്ദേശം 45 വയസ് പ്രായം തോന്നിക്കുമെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു.  പീന്നീട് ബാഗിലുണ്ടായിരുന്ന പേഴ്‌സും, പേഴ്‌സിനുള്ളിലെ രേഖകളും ദേശീയപാതയില്‍ തുറവൂര്‍ പുത്തന്‍ചന്തയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ലഭിച്ചു. ഒരു ഡ്രൈവറാണ് പേഴ്‌സ് കണ്ടത്. ഇത് പിന്നീട് രാജശേഖരന്‍നായര്‍ക്ക് കൈമാറുകയായിരുന്നു.
Next Story

RELATED STORIES

Share it