വ്യാജ പരാതി: സ്റ്റുഡിയോ ഉടമയെ വെറുതെ വിട്ടു

ചാവക്കാട്: വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കാട്ടി പോലിസില്‍ വ്യാജ പരാതി നല്‍കിയ കേസില്‍ സ്റ്റുഡിയോ ഉടമയെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫോട്ടോഗ്രഫി കരാര്‍ ഏറ്റെടുത്ത് നടത്തിയിരുന്ന സ്റ്റുഡിയോ ഉടമയായ പ്രദീപിനെയാണ് ചാവക്കാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ ബി വീണ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. ഗുരുവായൂര്‍ സ്വദേശിനിയാണ് പ്രദീപിനെതിരേ കേസ് നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫോട്ടോഗ്രഫി കരാര്‍ ഏറ്റെടുത്ത് നടത്തിയിരുന്ന സ്റ്റുഡിയോ ഉടമയായ പ്രദീപിനൊപ്പം ബിസിനസ് പങ്കാളിയായിരുന്നു പരാതിക്കാരി. ഇവര്‍ തമ്മില്‍ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് 2013ല്‍ യുവതി ഗുരുവായൂര്‍ പോലിസില്‍ പരാതിനല്‍കിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഗുരുവായൂര്‍ ടെംപിള്‍ പോലിസ് കേസെടുത്തിരുന്നു. ഇതോടെ പ്രദീപ് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടരന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രദീപിനു വേണ്ടി അഡ്വ. പി എ പ്രദീപ് ഹാജരായി.
Next Story

RELATED STORIES

Share it