Idukki local

വ്യാജ പട്ടയമുണ്ടാക്കി മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി കൈയേറി

മൂന്നാര്‍: മറ്റൊരാളുടെ പേരിലുള്ള പട്ടയത്തിന്റെ നമ്പറില്‍ വ്യാജപട്ടയം ചമച്ച് ഭൂമി കൈയേറി. സംഭവം കണ്ടെത്തിയ റവന്യൂ അധികൃതര്‍ മൂന്നാര്‍ ഇക്കാനഗര്‍ കോളനിയില്‍ സര്‍വേ നമ്പര്‍ 843 എയില്‍ ആര്‍ മുത്തയ്യക്കെതിരേ പോലിസില്‍ പരാതി നല്‍കി.
ഇക്കാനഗറില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതും ലക്ഷങ്ങള്‍ വിലമതിക്കുന്നതുമായ രണ്ടര സെന്റ് ഭൂമിയാണു മുത്തയ്യ കൈയേറി കെട്ടിടം പണിതു താമസമാക്കിയത്. കെട്ടിടത്തിനു 10/1395 എന്ന പഞ്ചായത്ത് നമ്പര്‍ സംഘടിപ്പിച്ചശേഷം അതുവച്ചു വൈദ്യുതി കണക്ഷനായി 2017 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ നല്‍കി. പരിശോധനയില്‍ സ്ഥലം ഇക്കാനഗറില്‍ തങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നു കണ്ടെത്തി. ഇതേ തുടര്‍ന്നു ബോര്‍ഡ് അധികൃതര്‍ 2017 ഏപ്രില്‍ മൂന്നിനു മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്കു പരാതി നല്‍കി.
സ്‌പെഷല്‍ തഹസില്‍ദാര്‍ ഈ പരാതി ദേവികുളം തഹസില്‍ദാര്‍ക്കു കൈമാറി. അന്വേഷണത്തില്‍ മുത്തയ്യ ഹാജരാക്കിയ പട്ടയത്തിലെ നമ്പറായ എല്‍എ 50/99 എന്നതു മൂന്നാര്‍ ഡോബി കോളനിയില്‍ കെ എം അബ്ദുല്‍റഹ്മാന്റെപേരിലുള്ള, സര്‍വേ നമ്പര്‍ 62-9ല്‍പെട്ട സ്ഥലത്തിന്റേതാണെന്നു കണ്ടെത്തി. മുത്തയ്യ വ്യാജപട്ടയം ചമയ്ക്കുകയായിരുന്നുവെന്നു റവന്യു അധികൃതര്‍ പറഞ്ഞു. വൈ ദ്യുതി കണക്ഷനായി സമര്‍പ്പിച്ച അപേക്ഷയിലെ ഒപ്പും പട്ടയത്തിലെ ഒപ്പും വ്യത്യസ്തമായിരുന്നു.
തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ് പിന്‍വലിച്ച ശംഖ് മാര്‍ക്ക് സീലാണു പട്ടയത്തില്‍ പതിച്ചിരുന്നത്. നിലവില്‍ ആന മാര്‍ക്ക് സീലാണു റവന്യു ഓഫിസുകളില്‍ ഉപയോഗിക്കുന്നത്. പട്ടയത്തില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഒപ്പിട്ടിരിക്കുന്ന തിയ്യതിയും പട്ടയത്തിലെ തിയ്യതിയും വ്യത്യസ്തമാണ്.
Next Story

RELATED STORIES

Share it