kasaragod local

വ്യാജ ടാക്‌സികള്‍ വ്യാപകമെന്ന് പരാതി

പെര്‍ള: വ്യാജ ടാക്‌സികള്‍ വ്യാപകമാവുന്നതായി പരാതി. ബാങ്കില്‍ നിന്നു വായ്പയെടുത്തു വാഹനങ്ങള്‍ വാങ്ങി നികുതികളും നിയമപരമായ മറ്റു വ്യവസ്ഥകളും പാലിച്ച് ജീവിത മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വ്യാജ ടാക്‌സികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വാടക പോവുന്ന മുഴുവന്‍ സ്വകാര്യ വാഹനങ്ങളും വ്യാജ ടാക്‌സികളാണെന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ആരോപണം. പെര്‍ള, ബെദിരംപള്ള, മണിയംപാറ, കജംപാടി, ഏത്തടുക്ക, കിന്നിങാര്‍, ബെള്ളൂര്‍, മുള്ളേരിയ, ബദിയടുക്ക, നീര്‍ച്ചാല്‍, മാന്യ തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ വാഹനങ്ങളാണ് വ്യാജ ടാക്‌സികളായി ഓടുന്നത്. മാരുതി ഓമ്‌നി, ടാറ്റ സുമോ, ടവേര തുടങ്ങിയ സ്വകാര്യ പെര്‍മിറ്റുള്ള വാഹനങ്ങള്‍ കുറഞ്ഞ വാടകക്ക് ഓടുന്നത് മൂലം വാടക വാഹനങ്ങള്‍ക്ക് ഓട്ടമില്ലാത്ത സ്ഥിതിയാണ്. ടാക്‌സി വാഹനങ്ങള്‍ക്ക് കര്‍ണാടക അതിര്‍ത്തിയില്‍ മുന്നു മാസത്തേക്ക് 3300 രൂപയും ഒരു വര്‍ഷത്തേക്ക് 13,200 രൂപയും ഈടാക്കുന്നു. വലിയ വാഹനമെങ്കില്‍ വര്‍ഷത്തേക്ക് 20,000 ത്തില്‍ കൂടുതല്‍ തുക അടക്കണം. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഈ നികുതി അടക്കേണ്ടതില്ല. ഇതാണ് കുറഞ്ഞ വാടകക്ക് സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നതിന്റെ കാരണമെന്നാണ് ഡ്രൈവര്‍മാര്‍ ചൂണ്ടി കാട്ടുന്നത്. നേരത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിക്കുകയും വാട്ട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് മൂലം വ്യാജ ടാക്‌സികളെ പലയിടത്തും പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു. പക്ഷേ കര്‍ണാടകയില്‍ ഇതു പോലുള്ള കൂട്ടായ്മയോ സംഘടനയോ ഇല്ല. അതുകൊണ്ടു കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കര്‍ണാടക ഡ്രൈവര്‍മാരില്‍ നിന്നു സഹകരണവും ലഭിക്കുന്നില്ല. വ്യാജ ടാക്‌സിക്കാരുടെ ശല്യം കാരണം നിരവധി ടാക്‌സികളാണ് വാടക ലഭിക്കാതെ സ്റ്റാന്റുകളില്‍ തന്നെ കിടക്കേണ്ടി വരുന്നത്. സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി ഓടുന്നത് കാരണം സര്‍ക്കാരിന് ലക്ഷ കണക്കിന് രൂപ നികുതിയിനത്തില്‍ നഷ്ടമാവുകയും ചെയ്യുന്നു.

Next Story

RELATED STORIES

Share it