malappuram local

വ്യാജ ചികില്‍സാ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് പരിശോധന

നിലമ്പൂര്‍: നിലമ്പൂരിലെ വ്യാജ ചികില്‍സാ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. പരിശോധനയ്ക്കിടെ നടത്തിപ്പുകാരനായ യുവാവ് ഉേദ്യാഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങി. നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള സ്വകാര്യകെട്ടിടത്തിലാണു ചികില്‍സാ കേന്ദ്രം ആറു മാസത്തോളമായി പ്രവര്‍ത്തിച്ചിരുന്നത്. ഗ്ലോബല്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഇതേപേര് പ്രദര്‍ശിപ്പിച്ച് ചികില്‍സാരംഗത്തേക്ക് മാറുകയായിരുന്നു. ബംഗളൂരു ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയുടെ മരുന്നാണു ചികില്‍സയ്ക്കായി ഉപയോഗിച്ചിരുന്നത്. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇവിടെ മരുന്ന് നല്‍കിയിരുന്നു. ഭീമമായ തുകയാണു ഫീസായി വാങ്ങിയിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് പി സബരീശന്‍, മുത്തേടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്.
രണ്ടു മുറികളിലായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ മരുന്നുകള്‍ പരിശോധിക്കുന്നതിനിടെ ചികില്‍സകനായ യുവാവ് മുങ്ങുകയായിരുന്നു. കേന്ദ്രത്തില്‍ ഒരു ജീവനക്കാരിയുമുണ്ടായിരുന്നു. ശമ്പളത്തിന് നില്‍ക്കുന്ന യുവതിക്ക് ചികില്‍സയെ കുറിച്ചോ സ്ഥാപന നടത്തിപ്പിനെ കുറിച്ചോ അറിയില്ല. പരിശോധനയ്ക്കിടയിലും ചികില്‍സയ്ക്കായി കേന്ദ്രത്തില്‍ ആളുകളെത്തിയിരുന്നു. കേരള വ്യാപാരി വ്യവസായി എകോപന സമിതിയുടെ 2013 വരെയുള്ള ഒരു ലൈസന്‍സ് മാത്രമാണ് സ്ഥാപനത്തില്‍ നിന്നു രേഖയായി ലഭിച്ചത്.
ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലുള്ള കുപ്പിമരുന്നുകളും പൊടികളും മിഠായി രൂപത്തിലുള്ള മറ്റു മരുന്നുകളും കേന്ദ്രത്തില്‍ ധാരാളമായുണ്ട്. നടത്തിപ്പുക്കാരന്‍ മുങ്ങിയതോടെ പോലിസിനെ വിവരം അറിയിച്ച് ആരോഗ്യവകുപ്പ് സ്ഥാപനം പൂട്ടി സീല്‍ ചെയ്തു. സ്ഥാപന നടത്തിപ്പുക്കാരനെതിരേ ആരോഗ്യവകുപ്പ് നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി.

Next Story

RELATED STORIES

Share it