palakkad local

വ്യാജ കൈവശ രേഖ നിര്‍മിച്ച് നല്‍കല്‍: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: കെട്ടിട നിര്‍മാണത്തിന് വ്യാജ കൈവശ രേഖ നിര്‍മിച്ചു നല്‍കിയ കേസില്‍ സിപിഎം നെല്ലായ ലോക്കല്‍ കമ്മിറ്റി അംഗം പി സൈനുദ്ധീനെ വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. വിദേശത്തുള്ള ഏഴുവന്തല പാറപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഏഴുവന്തല റോഡരുകില്‍ നിര്‍മിച്ച വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിക്കാനാണ് വ്യാജ കൈവശ രേഖ സൈനുദ്ധീന്‍ തയ്യാറാക്കിയത് എന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.
2014 ല്‍ കുലുക്കല്ലൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച കൈവശ സര്‍ട്ടിഫിക്കറ്റില്‍ നിലം എന്നത് കരഭൂമി എന്നാക്കിയതായാണ് കണ്ടെത്തിയത്.  ഇത് കമ്പ്യൂട്ടര്‍ സഹായത്താല്‍ തയ്യാറാക്കി നല്‍കാന്‍ കൂട്ടുനിന്ന കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെ രണ്ടാം പ്രതിയാക്കിയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോ ള്‍ വിദേശത്താണ്.
വിദേശത്തുള്ള കുഞ്ഞുമുഹമ്മദിന് വേണ്ടിയുള്ള റിയല്‍ എസ്‌റ്റേറ്റ് ക്വട്ടേഷന്‍ ആണ് പി സൈനുദ്ധീന്‍ ഏറ്റെടുത്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2014ല്‍ വ്യാജരേഖ ചമച്ച് കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ വീട് നിര്‍മിക്കാനുള്ള അപേക്ഷയാണ് നല്‍കിയത്. എന്നാല്‍ ഏഴുവന്തലയിലെ റോഡരുകില്‍ വാണിജ്യ കെട്ടിടം നിര്‍മിച്ചാണ് വീട് നിര്‍മാണത്തിന് അപേക്ഷ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുള്ള സ്ഥല ഉടമയുടെ വ്യാജ ഒപ്പാണ് അപേക്ഷയില്‍ ഉണ്ടായിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വ്യാജരേഖ സമര്‍പ്പിച്ച കെട്ടിടത്തിന് അന്നത്തെ എല്‍ ഡി എഫ് ഭരണ സമിതി കെട്ടിട നമ്പറും നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ കൃത്രിമം ഉണ്ടെന്ന് കണ്ടെത്തി ഭരണ സമിതി കെട്ടിട നമ്പര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. വ്യാജരേഖ ചമക്കല്‍, ചതി എന്നിവക്കുള്ള   വകുപ്പുകള്‍ ചുമത്തിയാണ് പി സൈനുദ്ധീനെതിരേ ചെര്‍പ്പുളശ്ശേരി എസ്‌ഐ ജമാലുദ്ധീന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.  മുമ്പ് നെല്ലായ പഞ്ചായത്ത് അംഗവുമായിരുന്നു. സൈനുദ്ധീനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് സിപിഎം നെല്ലായ ലോക്കല്‍ സെക്രട്ടറി ഐ ഷാജു പറഞ്ഞു
Next Story

RELATED STORIES

Share it