Flash News

വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ സമിതി നിയമസഭാ മാര്‍ച്ച് നടത്തി



തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ മേഖലകളില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തുടര്‍ച്ച കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ ചെയര്‍മാന്‍ പ്രഫ. എ മാര്‍ക്‌സ് പറഞ്ഞു. നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ സമിതി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെല്ലാം തികച്ചും ജനാധിപത്യവിരുദ്ധ നടപടിയാണ്. നിലമ്പൂര്‍ വ്യാജ ഏറ്റമുട്ടലിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. നിര്‍ഭാഗ്യവശാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പോലിസിന്റെ ഏറ്റുമുട്ടല്‍ വാദത്തെ ന്യായീകരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. ദേശീയ അടിസ്ഥാനത്തില്‍ തന്നെ പോലിസ് ഏറ്റുമുട്ടല്‍ കഥകളുടെ വിശ്വാസ്യത തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെയും ഏറ്റുമുട്ടല്‍ കഥ വിമര്‍ശനവിധേയമാക്കണം. പൊതുജനങ്ങളോടു സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി കുന്നില്‍ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഗ്രോ വാസു, എം എന്‍ രാവുണ്ണി(പോരാട്ടം),  ഉസ്മാന്‍ പെരുമ്പിലാവ്(എസ്ഡിപിഐ), സജീദ് ഖാലിദ്(വെല്‍ഫെയര്‍ പാര്‍ട്ടി), സലീം കരമന(പോപുലര്‍ ഫ്രണ്ട്), മിര്‍സാദ് റഹ്്മാന്‍(സോളിഡാരിറ്റി), റെനി ഐലിന്‍(എന്‍സിഎച്ച്ആര്‍ഒ), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) സംസാരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് സമീപം പോലിസ് തടഞ്ഞു.
Next Story

RELATED STORIES

Share it