വ്യാജ ഏറ്റുമുട്ടല്‍ കൊല: സര്‍ക്കാര്‍ വിശദീകരിക്കണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രിംകോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ക്രിമിനല്‍സംഘങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് പോലിസ് നിരപരാധികളെയും കൊലപ്പെടുത്തുന്നതായി കാണിച്ച് സന്നദ്ധ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയാണു പോലിസിന്റെ കൊലപാതകങ്ങളെന്നും ഹരജിയില്‍ പറയുന്നു.
ഹരജിയുടെ പകര്‍പ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഐശ്വര്യാഭാട്ടിക്ക് കോടതി കൈമാറി. മൂന്നാഴ്ചയ്ക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്തെ ക്രിമനല്‍സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിനെന്ന പേരിലാണു കടുത്ത പോലിസ് നടപടികള്‍ക്കു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. എന്നാല്‍ ഇതിന്റെ മറവില്‍ നിരപരാധികളെയും കൊലപ്പെടുത്തുകയാണെന്നു പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ 500ഓളം ഏറ്റുമുട്ടലുകളിലായി 58 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് പരീഖ് കോടതിയെ അറിയിച്ചു.
യഥാര്‍ഥ കണക്കുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാവുമെന്നും അതു പുറത്തുവിടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു. കൊലപാതകങ്ങള്‍ സംബന്ധിച്ച്  ഉന്നതതല അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഹരജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ കൂടി കക്ഷിചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി വിസമ്മതിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പോലിസ് കൊലപാതകങ്ങള്‍ക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് നല്‍കിയിരുന്നു. പോലിസിന് അവരുടെ അധികാരം സ്വതന്ത്രമായി ദുരുപയോഗം ചെയ്യാന്‍ സംസ്ഥാനം ഭരിക്കുന്നവര്‍ അനുമതി നല്‍കിയെന്നു കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടല്ല കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it