വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരം നല്‍കും: മന്ത്രി

തിരുവനന്തപുരം: വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരത്തിന് ഊന്നല്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ നയം മന്ത്രി എ സി മൊയ്തീന്‍. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രതയും സാക്ഷരതയും സ്ഥലലഭ്യതയുമെല്ലാം പഠിച്ച ശേഷമാണ് വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റെഗുലേറ്ററി നടപടിക്രമങ്ങളുടെ ലഘൂകരണം, നിലവിലെ വ്യവസായങ്ങളുടെ ശാക്തീകരണം എന്നിവയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഗ്രാമീണവ്യവസായങ്ങള്‍ ആരംഭിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണവും നിക്ഷേപങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും ഹരിത പദ്ധതികള്‍ തുടങ്ങുന്നതും പാരമ്പര്യവ്യവസായങ്ങള്‍ക്ക് സഹായം നല്‍കുന്നതുമെല്ലാം നയത്തി ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചൂഷണം ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആരംഭിക്കുക, വിവിധ വകുപ്പുകളുടെ ഏകീകൃത പ്രവര്‍ത്തനത്തിനും നിരീക്ഷണത്തിനുമായി എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കുക, സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം നയത്തിന്റെ ഭാഗമാണ്.
എല്ലാ ജില്ലകളിലും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഭൂമി അനുവദിക്കുന്നതില്‍ സുതാര്യതയും നിലവിലെ വ്യവസ്ഥകളിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ പുതിയ ചട്ടം രൂപീകരിക്കുകയും ചെയ്യും.
നിലവിലെ വ്യവസായ മേഖലകളിലെയും പാര്‍ക്കുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം വ്യവസായ മേഖലകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ പാര്‍ക്കുകളും ദേശീയ, സംസ്ഥാന പാത, റയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം തുടങ്ങിയവയുമായി ബന്ധിപ്പിച്ച് അനുബന്ധ റോഡുകളും നിര്‍മിക്കുക, വ്യവസായ മേഖലകള്‍ക്ക് അനുബന്ധമായി വൈദഗ്ധ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിവിധോദ്ദേശ്യ വ്യവസായ സോണുകളില്‍ ഉള്‍പ്പെടുത്തി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ് വരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് സബ്‌സിഡി അനുവദിക്കുകയും ചെയ്യുമെന്നും മന്ത്രി  പറഞ്ഞു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുകൊണ്ടാണ് പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും എ സി മൊയ്തീന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it