Editorial

വ്യര്‍ഥ വിവാദങ്ങള്‍ സഹായിക്കുന്നത് ആരെ?

കോണ്‍ഗ്രസ്സിന്റെ യുവനേതാക്കളിലൊരാളായ വി ടി ബല്‍റാം എംഎല്‍എ യശശ്ശരീരനായ എ കെ ഗോപാലന്റെ വിവാഹവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങള്‍ പൊതുമണ്ഡലത്തില്‍ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. എകെജി സുശീലയെ വിവാഹം കഴിക്കുന്ന അവസരത്തില്‍ അവര്‍ക്ക് 22 വയസ്സുണ്ടായിരുന്നു. അതിന് ഒരു പത്തു വര്‍ഷം മുമ്പ് മുതലേ അദ്ദേഹത്തിനു സുശീലയെ അറിയാമായിരുന്നുവെന്നും അതിനാല്‍, സുശീലയുടെ മുഹമ്മയിലെ വീട്ടില്‍ ഒളിവില്‍ താമസിച്ച എകെജിയെ ബാലപീഡനത്തിന് ഉത്തരവാദിയായി കാണണമെന്നുമാണ് കോണ്‍ഗ്രസ് യുവനേതാവിന്റെ വാദം. ഇത് ശുദ്ധ അസംബന്ധമായ വിതണ്ഡവാദമാണെന്നു കാണാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. എകെജി ഒളിവില്‍ കഴിയുന്ന കാലത്ത് ആ വീട്ടിലെ 12 വയസ്സുകാരിയായ പെണ്‍കുട്ടിയുമായി അടുപ്പവും സ്‌നേഹവും പുലര്‍ത്തി എന്നു പറയുമ്പോള്‍ അത് ഉടനെ ബാലപീഡനത്തിന്റെ വകുപ്പില്‍ വരുന്നത് ഏതു ന്യായമുപയോഗിച്ചാണ് എന്ന് എംഎല്‍എ വ്യക്തമാക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ നാട്ടില്‍ കുടുംബബന്ധങ്ങളോ പരസ്പര സന്ദര്‍ശനങ്ങളോ ഒന്നും സാധ്യമല്ലാതെ വരുമല്ലോ. കാരണം, എല്ലാ വീട്ടിലും കുട്ടികളുണ്ടാവും. അവരും മുതിര്‍ന്നവരും തമ്മില്‍ ഉണ്ടാവുന്ന എല്ലാ ബന്ധങ്ങളും ലൈംഗികക്കണ്ണിലൂടെ മാത്രം കാണുന്നത് എന്തുതരത്തിലുള്ള മനോവൈകൃതമാണ് പ്രകടിപ്പിക്കുന്നത് എന്നു ചിന്തിച്ചുനോക്കേണ്ടതാണ്. അതൊരു വശം. രണ്ടാമത്തെ വശം, 21ാം നൂറ്റാണ്ടിലെ നിയമങ്ങളും സാമൂഹികമായ നിലപാടുകളും മുന്‍കാലങ്ങള്‍ക്കു കൂടി ബാധകമാക്കുന്നതിലെ അസാംഗത്യമാണ്. വിവാഹപ്രായം 18 എന്നു നിജപ്പെടുത്തിയത് സമീപകാലത്താണ്. എകെജിയുടെ വിവാഹകാലത്ത് അതായിരുന്നില്ല സാമൂഹിക നിയമങ്ങളും മര്യാദകളും. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വിവാഹം ചെയ്തത് 13 വയസ്സുകാരിയായ കസ്തൂര്‍ബയെയാണ് എന്ന് ചരിത്രമറിയാവുന്ന ആര്‍ക്കും കാണാവുന്നതാണ്. എന്തിനാണ് നമ്മുടെ യുവനേതാക്കള്‍ ഇത്തരം വ്യര്‍ഥവ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്? ബല്‍റാമിന്റെ ചരിത്രഗവേഷണം കോണ്‍ഗ്രസ്സിനോ കേരള സമൂഹത്തിനോ ഒരു പ്രയോജനവും ചെയ്യുന്നില്ല. മറിച്ച്, കേരളത്തിലെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ഭരണവീഴ്ചകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ ഒരു പുകമറ സൃഷ്ടിച്ചുകൊടുക്കുകയാണ് ബല്‍റാം ചെയ്യുന്നത്. എകെജി വിവാദം ആരെയെങ്കിലും സഹായിക്കുന്നുണ്ടെങ്കില്‍ അത് ഇന്നത്തെ ഭരണാധികാരികളെയും സിപിഎം നേതൃത്വത്തെയുമാണ്. അത് അവര്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്. അതിനാലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ തന്നെ വിവാദം ഏറ്റുപിടിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഭരണരംഗത്തെ വീഴ്ചകള്‍ സംബന്ധിച്ചോ ആ പാര്‍ട്ടി സ്വീകരിക്കുന്ന നയവൈകല്യങ്ങളെക്കുറിച്ചോ ചര്‍ച്ച വരുന്നത് ഒഴിവാക്കാന്‍ നേതൃത്വം പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. സിപിഐക്ക് നേരെ നടത്തുന്ന കടന്നാക്രമണം അതിലൊന്ന് മാത്രമാണ്. ആ തന്ത്രങ്ങള്‍ക്കു സഹായകമാവുന്ന ഒരു ആയുധമാണ് യുവനേതാവ് ഭരണപക്ഷത്തെ സഖാക്കള്‍ക്കു നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it