വോളന്റിയര്‍ നിയമന അഭിമുഖത്തിനെതിരേ ഹജ്ജ് കമ്മിറ്റിയംഗം കോടതിയില്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്ന ഹജ്ജ് വോളന്റിയര്‍(ഖാദിമുല്‍ ഹുജ്ജാജ്)നിയമനത്തിലെ സര്‍ക്കാര്‍ കൈകടത്തലിനെതിരേ ഹജ്ജ് കമ്മിറ്റിയംഗം എ കെ അബ്ദുര്‍റഹിമാന്‍ ഹൈക്കോടതിയെ സമീപിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ് വോളന്റിയര്‍ അഭിമുഖത്തിന്റെ ചുമതല. വര്‍ഷങ്ങളായി ഹജ്ജ് കമ്മിറ്റി പ്രതിനിധികളാണ് വോളന്റിയര്‍ അഭിമുഖം നടത്തുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ അഭിമുഖത്തിനുള്ള ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍കുട്ടിയെ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മാര്‍ച്ച് 16ന് ആഭ്യന്തര വകുപ്പിന് നല്‍കിയ അപേക്ഷ പ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഹജ്ജ് കമ്മിറ്റിയോഗം ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ടെന്നും എ കെ അബ്ദുര്‍റഹമാന്‍ പറഞ്ഞു.
200 തീര്‍ത്ഥാടകര്‍ക്ക് ഒരു വോളന്റിയര്‍ എന്ന തോതിലാണ് നിയമനം നടത്തുന്നത്. ഇതിനായി 300 പേരില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇന്നലെ 141 പേരുടെ അഭിമുഖം കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഒരു വനിത ഉള്‍പ്പെടെ 54 പേരെയാണ് വോളന്റിയര്‍മാരായി തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഹജ്ജ് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ഹജ്ജ് വോളന്റിയര്‍ അഭിമുഖത്തിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റിയംഗവും മുന്‍ ചെയര്‍മാനുമായ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ അമിത് മീണ എന്നിവരെയാണ് ഇന്റര്‍വ്യൂ ബോര്‍ഡായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കലക്ടര്‍ പിന്മാറിയതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എ ബി മൊയ്തീന്‍കുട്ടിയെ ബോര്‍ഡില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
അതേസമയം, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഇന്നലെ ആരംഭിച്ച വോളന്റിയര്‍ അഭിമുഖം ഇന്ന് അവസാനിക്കും. സ്‌റ്റേ ലഭിച്ചിട്ടില്ലെങ്കിലും കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് അംഗീകാരമുണ്ടാവുകയെന്ന് എ കെ അബ്ദുര്‍റഹിമാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it