വോട്ടര്‍പ്പട്ടികയിലെ തിരിമറി: കോണ്‍ഗ്രസ് ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കമ്മീഷന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍പ്പട്ടികയിലെ തിരിമറി സംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുകയാണെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രിംകോടതിയില്‍. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും അവ തിരുത്തണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ് മിശ്ര, സചിന്‍ പൈലറ്റ് എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ജഡ്ജിമാരായ എ കെ സിക്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്.
ഒരു ബൂത്തിലെ പല വോട്ടര്‍മാര്‍ക്കും ഒരു പടം തന്നെ ഉള്ളതായുള്ള ആരോപണം തെറ്റാണ്. തെറ്റുകള്‍ തിരുത്തുന്നതിനു മുമ്പുള്ള രേഖകളാണു കോണ്‍ഗ്രസ് ഹാജരാക്കിയതെന്നും കമ്മീഷന് വേണ്ടി ഹാജരായ വികാസ് സിങ് ആരോപിച്ചു. വ്യാജരേഖകള്‍ ഹാജരാക്കി അനുകൂല വിധി സമ്പാദിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു. ഒരു ബൂത്തിലെ പല വോട്ടര്‍മാര്‍ക്ക് ഒരു പടം തന്നെ ഉള്ളതായി കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
60 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്നാണ് ഞങ്ങള്‍ ആരോപിച്ചത്. എന്നാല്‍ 24 ലക്ഷം പേരെ പട്ടികയില്‍ നിന്നു നീക്കിയെന്നാണു കമ്മീഷന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നും സിബല്‍ ചോദിച്ചു.
തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയിലും തിരിമറി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. 30 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് പല ബൂത്തുകളിലായി ഒന്നിലധികം വോട്ടുകളുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. കേസില്‍ വാദംപൂര്‍ത്തിയായതിനെ തുടര്‍ന്നു വിധി പറയാനായി മാറ്റി.

Next Story

RELATED STORIES

Share it