വൈസ് ചാന്‍സലര്‍ നിയമനംവന്‍ അഴിമതി നടന്നെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നത് കോടികളുടെ അഴിമതിയെന്നു തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിയാല്‍ പുരോഹിത്. താന്‍ ഗവര്‍ണറായി സ്ഥാനമേറ്റയുടന്‍ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. വിസിമാരെ നിയമിക്കുന്നതു യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പിക്കാന്‍ താന്‍ ശ്രമിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിക്കിടെയാണു സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പരാമര്‍ശം.
ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷമാണ് എങ്ങനെയാണു വിസിമാരെ നിയമിക്കുന്നതെന്ന് മനസ്സിലായത്. കോടികള്‍ വിസി നിയമനത്തില്‍ കൈക്കൂലി നല്‍കുന്നത് അത്ഭുതത്തോടെയാണു കണ്ടതെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഗവര്‍ണറായി ചുമതലയേറ്റെടുത്ത ശേഷം ഏഴ് വിസി നിയമനങ്ങള്‍ നടന്നു. ഈ നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതില്‍ അഴിമതി നടന്നതായി ആര്‍ക്കും ആരോപിക്കാന്‍ സാധിക്കില്ല. അഴിമതി പുരണ്ട ഈ വ്യവസ്ഥയെ മാറ്റാനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെ ഫലമറിയാന്‍ കുറച്ചു കൂടി സമയമെടുക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ വിസിമാരെ നിയമിക്കുന്നതില്‍ അഴിമതി നടക്കുന്നെന്നത് നേരത്തെയും ചര്‍ച്ചകളില്‍ ഇടംനേടിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഒരു ഗവര്‍ണര്‍ തന്നെ തുറന്നുപറച്ചില്‍ നടത്തുന്നത് ഇതാദ്യമായാണ്. അതേസമയം വിസിമാരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒന്നുംപറയാനില്ലെന്നും നിയമനം നടത്തുന്നത് ഗവര്‍ണറാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകന്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it