palakkad local

വൈദ്യുത വേലികളില്‍ തട്ടി മരണം; ഒരുലക്ഷം വീതം നല്‍കണമെന്ന്

പാലക്കാട്: വന്യമൃഗങ്ങളെ തുരത്താനെന്ന പേരില്‍ നിയമവിരുദ്ധമായി നിര്‍മിച്ച വൈദ്യുത വേലികളില്‍ തട്ടി ഷോക്കേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം വീതം സമാശ്വാസം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. സര്‍ക്കാരില്‍ നിന്നും കമ്മീഷന്‍ വിശദീകരണങ്ങള്‍ വാങ്ങിയിരുന്നു. വൈദ്യുതവേലികളില്‍ ജീവന്‍പൊലിഞ്ഞ സംഭവങ്ങളില്‍ സര്‍ക്കാര്‍ സമാശ്വാസം നല്‍കിയിട്ടില്ലെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. മംഗലം ഡാം, അഗളി പോലിസ് സ്റ്റേഷനുകളില്‍ അനധികൃത വൈദ്യുതവേലികള്‍ കാരണം മരണം സംഭവിച്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കമ്മീഷനെ അറിയിച്ചു. വെസ്റ്റ് ബംഗാള്‍ വൈദ്യുതി ബോര്‍ഡും സച്ചില്‍ ബാനര്‍ജിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയും ദൊരൈസ്വാമിയും വൈദ്യുതിബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും തമ്മിലുള്ള കേസില്‍ മദ്രാസ് ഹൈക്കോടതിയും സമാന സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് വിധിച്ചിട്ടുള്ളതായി കമ്മീഷന്‍ ചൂണ്ടികാണിച്ചു.  ക്രിമിനില്‍ നിയമത്തിലെ 357 എ വകുപ്പ് പ്രകാരവും വിക്റ്റിം കോംപന്‍സേഷന്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും പാലക്കാട് ജില്ലാ കലക്ടര്‍ക്കും പോലിസ് സൂപ്രണ്ടിനും അയച്ചു.  മുഖ്യമന്ത്രിയുടെ അറിവില്‍ കൊണ്ടുവരുന്നതിനായി പ്രൈവറ്റ് സെക്രട്ടറിക്കും ഉത്തരവ് അയച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പകര്‍പ്പ് എത്തിക്കുന്നതിന് ബന്ധപ്പെട്ട പോലിസ് സ്റ്റേഷനുകള്‍ക്കും അയച്ചു. ഉത്തരവ് ഒരാഴ്ചക്കകം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈമാറണം.  ആറുമാസത്തിനിടയില്‍ പാലക്കാട് ജില്ലയില്‍ മാത്രം നാലുപേരാണ് മരിച്ചത്.
Next Story

RELATED STORIES

Share it