malappuram local

വൈദ്യുതി ലഭിക്കാതെ തങ്കമണിയും കുടുംബവും വലയുന്നു

പരപ്പനങ്ങാടി: അപേക്ഷ സമര്‍പ്പിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും പരപ്പനങ്ങാടി നഗരസഭയിലെ 22-ാം ഡിവിഷനിലെ വിധവ കുടുംബത്തിന് ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ചിറമംഗലം റെയില്‍വേ ഗേറ്റിനു സമീപം താമസിക്കുന്ന പരേതനായ കിഴക്കേവളപ്പില്‍ ചന്ദ്രന്റെ ഭാര്യ തങ്കമണിക്കാണ് അപേക്ഷിച്ചിട്ടും വൈദ്യുതി ബോര്‍ഡിന് കണക്ഷന്‍ നല്‍കാന്‍ കഴിയാത്തത്. 2015-16 വര്‍ഷത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ സൗജന്യ വൈദ്യുതിക്ക് അപേക്ഷിക്കുകയും പാസാവുകയും ചെയ്തിരുന്നു.
ഇവിടേക്ക് ലൈന്‍ വലിക്കാന്‍ അയല്‍വാസിയുടെ സമ്മതപത്രം വാങ്ങിനല്‍കണമെന്ന് നിഷ്‌കര്‍ഷച്ചതനുസരിച്ച് സമ്മതം വാങ്ങുകയും തൊട്ടടുത്ത സ്ഥലമുടമ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ വൈദ്യുതകാല്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ കെഎസ്ഇബി പരപ്പനങ്ങാടി സെക്ഷന്‍ അധികൃതര്‍ പോസ്റ്റ് സ്ഥാപിക്കാന്‍ വന്ന സമയത്ത് മറ്റൊരു അതിര്‍ത്തിയിലുള്ള സ്ഥലമുടമയും പോസ്റ്റ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ ആളും തമ്മില്‍ സ്ഥലം സംബന്ധിച്ച് തര്‍ക്കം ഉണ്ടായതോടെ പദ്ധതി മുടങ്ങുകയായിരുന്നെന്ന് തങ്കമണി പറയുന്നു.
തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം പലരും പ്രശ്‌നത്തിലിടപെട്ടിട്ടും പരിഹാരമാകാതെ വന്നതോടെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് തവണ കലക്ടര്‍ വിചാരണയ്ക്ക് ക്ഷണിച്ച് ഹാജരായെങ്കിലും വിചാരണ മാറ്റിവെച്ചു.  ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും കലക്ടര്‍ക്ക് ഹരജി നല്‍കി കാത്തിരിക്കുകയാണീ നിര്‍ധന കുടുംബം. സംസ്ഥാനമൊട്ടാകെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ  ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്ത് കഴിയേണ്ടിവരുന്ന കുടുംബം നീതിക്കായി ഇനി ആരെ സമീപിക്കണമെന്നറിയാതെ വലയുകയാണ്.
Next Story

RELATED STORIES

Share it