thrissur local

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവുകള്‍ നോക്കുകുത്തി

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം സപ്ലൈ കോഡ് വ്യവസ്ഥകള്‍ പാലിക്കാതെ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നുവെന്ന ആരോപണത്തില്‍ കുറ്റസമ്മതം നടത്തി വൈദ്യുതി വിഭാഗം മേധാവിയുടെ ഉത്തരവ്.അതേസമയം തിരുത്തലുകള്‍ക്കു തയ്യാറാകാതെയും തിരിച്ചറിവില്ലാതെയും ജനവിരുദ്ധ സമീപനവുമായി കോര്‍പ്പറേഷന്‍ ഭരണ നേതൃത്വം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവുകളും സപ്ലൈ കോഡിലെ വ്യവസ്ഥകളും അക്ഷരംപ്രതി പാലിക്കാന്‍ വൈദ്യുതിവിഭാഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് വൈദ്യുതിവിഭാഗം അസി.സെക്രട്ടറി വി വി ലതേഷ്‌കുമാര്‍ ആണ് ഉത്തരവിറക്കിയത്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി.എസ്.ജോസിന്റെ ശിപാര്‍ശയനുസരിച്ചാണ് ഉത്തരവ്. (നമ്പര്‍ ഇ-7-7620/11) വൈദ്യുതി വിതരണ ലൈസന്‍സിയെന്ന നിലയില്‍ ഇലക്ട്രിസ്റ്റി ആക്ട് 2003 അനുസരിച്ച് റഗുലേറ്ററി കമ്മീഷന്റെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ നഗരസഭ വൈദ്യുതി വിഭാഗം ബാധ്യസ്ഥമാണെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷം ജീവനക്കാരും ഈ നിയമങ്ങളെകുറിച്ച് ബോധവാന്മാരല്ലാത്തതിനാല്‍ തന്നെ ഉത്തരവുകള്‍ നടപ്പാക്കിയെന്ന് പറയാനാകാത്ത അവസ്ഥയാണ്. താരിഫ് ഉത്തരവിലേയും സപ്ലൈകോഡ് 2014ലെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അസി.സെക്രട്ടറി ഉത്തരവില്‍ വിശദീകരിക്കുന്നു. അതേസമയം അവ നടപ്പാക്കുന്നത് സംബന്ധിച്ച് സെക്ഷന്‍ മേധാവികള്‍ക്കെല്ലാം നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും ഉത്തരവില്‍ ചൂണ്ടികാട്ടുന്നു.വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട സെക്ഷന്‍ മേധാവികളടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചുകൊണ്ടാണ് ഉത്തരവ്. കമ്മിറ്റി രൂപീകരിക്കണമെന്നതും ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നിര്‍ദ്ദേശമായിരുന്നു.ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി.എസ്.ജോസും അഞ്ച് അസി.എഞ്ചിനീയര്‍മാരും, നാല് സീനിയര്‍ സൂപ്രണ്ട്മാരും ഒരു സബ് എഞ്ചിനീയറും, 4 സീനിയര്‍ അസിസ്റ്റന്റ്മാരും ഉള്‍പ്പടെ 15 അംഗസമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. റഗുലേറ്ററി കമ്മീഷന്റെ ഉത്തരവുകളും റഗുലേഷനുകളും നിര്‍ദ്ദേശങ്ങളും നടപടികളും കമ്മിറ്റി ചര്‍ച്ച ചെയ്ത് ഇമെയില്‍ വഴി അസി.സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.സപ്ലൈകോഡിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഉപഭോക്താക്കളെ വൈദ്യുതി വിഭാഗം കൊള്ളയടിക്കുന്നുവെന്ന് ഇയ്യിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ശക്തമായ തിരുത്തല്‍ നടപടിയാണ് അസി.സെക്രട്ടറിയില്‍ നിന്നുണ്ടായത്. 1000 കെ.വി.എ വരെ കണക്ഷനുകള്‍ വൈദ്യുതിവിഭാഗത്തിന്റെ ചിലവില്‍ നല്‍കുന്നതിനുപകരം ലക്ഷക്കണക്കിന് രൂപ ഉപഭോക്താക്കളില്‍ നിന്നു ഈടാക്കി എന്നതായിരുന്നു പ്രധാന ആരോപണം. കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ബ്രഹ്മസ്വം മഠം ഷോപ്പിങ്ങ് കോംപ്ലക്‌സ് എന്നീ കണക്ഷന്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി തുടരുന്ന കൊള്ള പുറത്തായത്. നിയമവിരുദ്ധമായി ലക്ഷങ്ങള്‍ ഈടാക്കിയത് തിരികെ പിടിക്കാന്‍ തിരുവമ്പാടി ദേവസ്വം ഉള്‍പ്പടെ നിരവധി ഉപഭോക്താക്കള്‍ നടപടിക്കൊരുങ്ങുന്നുവെന്ന വിവരവും വൈദ്യുതി വിഭാഗത്തിന്റെ ഉറക്കംകെടുത്തുന്നതാണ്. അതുകൊണ്ടാണ് കയ്യോടെ തിരുത്തല്‍ നടപടിയുണ്ടായത്.
Next Story

RELATED STORIES

Share it