Flash News

വൈദ്യുതി നിരക്ക് കൂട്ടുന്നു, സബ്‌സിഡി ബാങ്കിലേക്ക് ഗാര്‍ഹിക ഉപഭോക്താക്കളെ വെട്ടിലാക്കി കേന്ദ്രം

വൈദ്യുതി നിരക്ക് കൂട്ടുന്നു, സബ്‌സിഡി ബാങ്കിലേക്ക് ഗാര്‍ഹിക ഉപഭോക്താക്കളെ വെട്ടിലാക്കി കേന്ദ്രം
X


തിരുവനന്തപുരം:ഗാര്‍ഹിക വൈദ്യൂതി ഉപഭോക്താക്കളെ വെട്ടിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി സബ്‌സിഡി കുറയ്ക്കണമെന്നും സബ്‌സിഡി തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള സബ്‌സിഡി തുക ബില്ലില്‍ കുറവു ചെയ്യുന്നതിനു പകരം പാചകവാതക സബ്‌സിഡി നല്‍കുന്ന മാതൃകയില്‍ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറണമെന്നാണു നിര്‍ദേശം.
കേരളത്തിലെ 50 ലക്ഷത്തിലേറെ ഗാര്‍ഹിക ഉപയോക്താക്കളെ ഇതു ദോഷകരമായി ബാധിക്കും. വൈദ്യുതി ക്രോസ് സബ്‌സിഡി അടുത്ത ഏപ്രില്‍ ഒന്നിന് 20 ശതമാനത്തില്‍ താഴെയായി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇതു നടപ്പാക്കുകയാണെങ്കില്‍ ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിക്കും. ഏറ്റവും കുറഞ്ഞ നിരക്കുകാര്‍ക്കു പോലും യൂണിറ്റിനു രണ്ടുരൂപയോളം വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍.
50% ക്രോസ് സബ്‌സിഡി നല്‍കുന്നതിനാലാണു ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇപ്പോഴത്തെ നിരക്കിലെങ്കിലും വൈദ്യുതി ലഭിക്കുന്നത്. നിലവില്‍ മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കു റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്കാണു ബാധകം. എന്നാല്‍ ഈ വിഭാഗക്കാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ യൂണിറ്റിനു 35 പൈസ വീതം സബ്‌സിഡി നല്‍കുന്നുണ്ട്. റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്ക് രേഖപ്പെടുത്തിയ ശേഷം അതില്‍നിന്നു സബ്‌സിഡി കുറവുചെയ്ത ബില്ലാണ് ഇപ്പോള്‍ നല്‍കുന്നത്. ഉപയോക്താക്കള്‍ അത് അടച്ചാല്‍ മതി.
കേന്ദ്രനിര്‍ദേശം നടപ്പാക്കിയാല്‍ ഉപയോക്താക്കള്‍ റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച മുഴുവന്‍ നിരക്കും ആദ്യം അടയ്ക്കണം. സബ്‌സിഡി പിന്നീട് ബാങ്ക് അക്കൗണ്ടില്‍ വരും. കേന്ദ്രത്തിന്റെ കരടു നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിനുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചെങ്കിലും അന്തിമനയത്തിലും ഈ വ്യവസ്ഥകള്‍ ഉണ്ടാകുമെന്നാണു സൂചന.
Next Story

RELATED STORIES

Share it