Kollam Local

വൈദ്യുതിയില്ല: പകല്‍ ചൂടില്‍ കണ്ണനല്ലൂര്‍ രണ്ടു ദിവസമായി ഉരുകിയൊലിച്ചു

കൊട്ടിയം: കനത്ത ചൂടിനിടെ കണ്ണനല്ലൂരുകാര്‍ക്ക് കെഎസ്ഇബി വക ഇരുട്ടടി. ട്രാന്‍സ്‌ഫോര്‍മര്‍ തകരാറ് രണ്ടുദിവസമായി കണ്ണനല്ലൂര്‍ ടൗണിനെയാകെ കനത്ത ചൂടില്‍ കൂടുതല്‍ വലച്ചു.കണ്ണനല്ലൂര്‍ ടൗണിലും പരിസരത്തുമാണ് കറന്റ് ഇല്ലാതായതിനെ തുടര്‍ന്ന് രണ്ടുദിവസമായി പകല്‍സമയം ജനത്തെയാകെ വലച്ചത്. എന്നാല്‍ കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ സംഭവത്തില്‍ നിരുത്തരവാദപരമായി പെരുമാറിയതായി പരാതിയുണ്ട്.രണ്ടുദിവസമായി പകല്‍മുഴുവനും കണ്ണനല്ലൂരിലെ അക്ഷയസെന്റര്‍, എസ്ബിഐ അടക്കം വിവിധ ബാങ്കുകള്‍, രജിസ്‌ട്രേഷന്‍ ഓഫിസ്, ജലഅതോറിറ്റി ഓഫിസ്, ആയൂര്‍വേദ ആശുപത്രി, കംപ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍, യുപി സ്‌കൂള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കറന്റ് ഇല്ലാതായതോടെ കനത്ത ചൂടില്‍ കുട്ടികളടക്കം പലരും വീടുകളില്‍ പോലും ഉരുകിയൊലിച്ചു.ചൊവ്വാഴ്ച രാവിലെയാണ് കണ്ണനല്ലൂര്‍ ജങ്ഷനിലെ രണ്ട് പ്രധാന ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ചെറിയ കേട് സംഭവിച്ചത്. രണ്ടുമണിക്കൂര്‍ കൊണ്ട് കേട് പരിഹരിക്കാമെങ്കിലും കണ്ണനല്ലൂര്‍ സെക്ഷനിലെ ആര്‍ക്കും ട്രാന്‍സ്‌ഫോര്‍മറിലെ ഈ പണി കണ്ടുപിടിക്കാനായില്ല. ഒടുവില്‍ ചൊവ്വാഴ്ച തന്നെ കൊല്ലത്തുനിന്നും മൂന്നംഗ സംഘം ട്രാന്‍സ്‌ഫോര്‍മര്‍ തകരാറ് കണ്ടുപിടിക്കാന്‍ എത്തേണ്ടിവന്നു. സംഘം തകരാറ് പരിഹരിക്കാന്‍ എത്തിയത് അന്ന് ഉച്ചയ്ക്ക് 12.45 ഓടെ. സമയം വൈകിയതിനാല്‍ അവര്‍ പിറ്റേന്ന് എത്താമെന്ന് അറിയിച്ച് മടങ്ങി. തത്കാലസംവിധാനമെന്ന നിലയില്‍ ഉച്ചയോടെ കറന്റ് കെഎസ്ഇബി തന്നെ  മറ്റുലൈനുകളുമായി ബന്ധിപ്പിച്ച് നല്‍കി.അടുത്ത ദിവസമായ ബുധനാഴ്ച രാവിലെയും അറ്റകുറ്റപ്പണി തുടര്‍ന്നു. ഇതുകാരണം കണ്ണനല്ലൂര്‍ നിവാസികള്‍ ഏറെ ബുദ്ധിമുട്ടി.  ഇന്നലെ രാവിലെ 9 ഓടെ പോയ കറന്റ്, മൂന്നുമണി കഴിഞ്ഞാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ലഭ്യമായത്. സംഭവത്തില്‍ വ്യാപാരി വ്യവസായികളുടെ ഇരുസംഘടനകളും പ്രതിഷേധം അറിയിച്ചു.
Next Story

RELATED STORIES

Share it