വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് സുപ്രിംകോടതി നീട്ടി; കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പശ്ചാത്തലത്തില്‍ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. അധികാരമുള്ള ക്രിസ്തീയ പുരോഹിതന് മുന്നില്‍ വിശ്വാസികള്‍ പാപങ്ങള്‍ ഏറ്റുപറയുന്ന മതകര്‍മമാണ് കുമ്പസാരം. എന്നാല്‍, കുമ്പസാരത്തിന് എത്തുന്ന സ്ത്രീകളെ വൈദികര്‍ ഭീഷണിപ്പെടുത്തി ഇരകളാക്കുകയാണ്.
വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പരാതികള്‍ കേരളത്തില്‍ കൂടിവരികയാണ്. പ്രതികള്‍ക്ക് രാഷ്ട്രീയസഹായം കിട്ടുന്നുവെന്നും വൈദികര്‍ക്കെതിരായ പീഡനക്കേസുകളില്‍ പോലിസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുകള്‍ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ലെന്നു പറഞ്ഞ കമ്മീഷന്‍, ജലന്ധര്‍ ബിഷപ്പിനെതിരേ പഞ്ചാബ് പോലിസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഒരു സംഭവം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും ഇത്തരം ബ്ലാക്‌മെയിലിങുകള്‍ക്ക് ഇരകളാവാറുണ്ട്. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പുരുഷന്‍മാരില്‍ നിന്ന് പണം തട്ടുകയാണ് വൈദികര്‍ ചെയ്യുന്നത്. എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും കുമ്പസാരം നിരോധിക്കണം. ചുരുങ്ങിയത് വൈദികര്‍ക്കു മുന്നില്‍ സ്ത്രീകള്‍ കുമ്പസാരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രേഖ ആവശ്യപ്പെട്ടു.
അതേസമയം, ഒന്നും നാലും പ്രതികളായ  ഓര്‍ത്തഡോക്‌സ് വൈദികര്‍ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ  അറസ്റ്റിനുള്ള വിലക്ക് സുപ്രിംകോടതി നീട്ടി. ആഗസ്ത് ആറു വരെയാണ് തടഞ്ഞത്. ഇതിനു മുമ്പായി അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സംസ്ഥാനത്തിന്  നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it