Editorial

വൈകിവരുന്ന ശുചീകരണയജ്ഞം



കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന പനിയുടെ പ്രധാന കാരണം പരിസരമലിനീകരണമാണെന്നു സുവ്യക്തമാണ്. ഇത്തവണ മാലിന്യനിര്‍മാര്‍ജനരംഗത്ത് ഫലപ്രദമായ ഇടപെടല്‍ വേണ്ടത്ര വിജയം കൈവരിച്ചില്ലെന്നും അതിനാല്‍ ജനങ്ങള്‍ സ്വമേധയാ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കൊട്ടിഘോഷിക്കാനായി വമ്പിച്ച ആഘോഷങ്ങള്‍ നടത്തി അതിന്റെ ആരവം അടങ്ങും മുമ്പാണ് കേരളത്തെ നടുക്കിയ ആരോഗ്യ പ്രതിസന്ധിക്കു കാരണം ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തന്നെയാണെന്ന് മുഖ്യമന്ത്രി ഭംഗ്യന്തരേണ തുറന്നുപറയുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മാത്രം പരാജയമല്ല ഇത്. കേരളത്തിലെ ശക്തമായ ത്രിതല പഞ്ചായത്ത്-നഗരഭരണ സംവിധാനങ്ങളെ കാലവര്‍ഷം കൊണ്ടുവരുന്ന വെല്ലുവിളികളെ മുന്നില്‍ കണ്ട് ഒന്നിച്ചു രംഗത്തിറക്കുന്നതില്‍ പറ്റിയ പരാജയം കൂടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലേടത്തും വേണ്ടവിധം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നും അത്തരം പ്രദേശങ്ങളിലാണ് പനി ഒരു മാരക ഭീഷണിയായി പൊട്ടിപ്പുറപ്പെട്ടതെന്നും ഭരണകൂടം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ കടുത്ത പാളിച്ചയുണ്ടായി എന്ന പരിശോധന സ്വാഭാവികമായി നയിക്കുന്നത് ഇന്നത്തെ കേരള ഭരണകൂടത്തിന്റെ ആഭ്യന്തരമായ ശൈഥില്യത്തിന്റെ അവസ്ഥയിലേക്കു തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഉണ്ടായ ഏറ്റവും ഭീകരമായ കടന്നാക്രമണമാണ് ഇത്തവണ പകര്‍ച്ചവ്യാധികള്‍ നടത്തിയത്. സര്‍ക്കാര്‍ മരണക്കണക്ക് കുറച്ചു പറയുന്നുണ്ടെങ്കിലും ഇതിനകം 165 പേര്‍ വിവിധ തരത്തിലുള്ള പനിബാധ കാരണം മരണപ്പെട്ടതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തില്‍ കാലവര്‍ഷം കലിതുള്ളിവരുന്നത് ഇതാദ്യമല്ല. ശുചീകരണരംഗത്തെ പോരായ്മകളും പുതിയ പ്രതിഭാസമല്ല. പക്ഷേ, മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്‍കരുതലുകളും വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകളും ഉണ്ടായിരുന്നു. ഇത്തവണ ഈ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ചുമതലയായി കണ്ട് സംസ്ഥാന ഭരണാധികാരികള്‍ മാറിനില്‍ക്കുകയാണുണ്ടായത്. അതിനു പക്ഷേ വലിയ വിലകൊടുക്കേണ്ടിവന്നത് കേരളത്തിലെ സാധാരണ ജനങ്ങളാണ്. ഇപ്പോള്‍ കാലവര്‍ഷം തുടങ്ങി മൂന്നാഴ്ചയ്ക്കു ശേഷമാണ് പനിബാധ തടയാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും അടിയന്തര നടപടികള്‍ വേണമെന്ന് സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടായിരിക്കുന്നത്. ഇത് അക്ഷന്തവ്യമായ കൃത്യവിലോപം തന്നെയാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളൂ. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി സുതാര്യവും സത്യസന്ധവുമായ ഒരു പരിശോധന ഭരണതലത്തില്‍ അനിവാര്യമാണ്. വിമര്‍ശനങ്ങള്‍ ഭരണകൂടത്തെ തകര്‍ക്കാനുള്ള പ്രതിപക്ഷതന്ത്രങ്ങളുടെ ഭാഗം മാത്രമാണെന്നു പറഞ്ഞ് കൈകഴുകാവുന്ന സ്ഥിതിയല്ല നാട്ടിലുള്ളത്. തമിഴ്‌നാട്ടില്‍ ഇതിനേക്കാള്‍ ഭീകരമാണ് സ്ഥിതിഗതികള്‍ എന്നു പറഞ്ഞ് ആശ്വസിക്കുന്ന നമ്മുടെ ആരോഗ്യമന്ത്രിയുടെ ഒട്ടകപ്പക്ഷി സമീപനവും സമൂഹത്തിനു ഗുണം ചെയ്യുകയില്ല. പ്രതിസന്ധിയുണ്ട്; അതിനെ നേരിടാനുള്ള കരുത്തും ആര്‍ജവവുമാണ് നമുക്കു വേണ്ടത്.
Next Story

RELATED STORIES

Share it