വേറിട്ടു താമസിക്കുന്ന മകളുടെ വിവാഹചെലവില്‍ നിന്ന് പിതാവിന് ഒഴിഞ്ഞു മാറാനാവില്ല

കൊച്ചി: വേറിട്ടു താമസിക്കുന്ന മകളുടെ വിവാഹചെലവില്‍നിന്ന് പിതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പക്ഷേ, മകള്‍ക്ക് എത്ര സഹായം നല്‍കണമെന്ന കാര്യം തീരുമാനിക്കുമ്പോള്‍ പിതാവിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തന്റെ വിവാഹ ചെലവായി പിതാവ് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. മകള്‍ക്ക് പിതാവ് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മകള്‍ സമര്‍പ്പിച്ച ഹരജി നേരത്തേ പാലക്കാട് കുടുംബ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയില്‍ ഹരജി പരിഗണനയ്ക്കിരിക്കെ പെണ്‍കുട്ടി തന്റെ മകളല്ലെന്നും അവരുടെ അമ്മയുമായി തനിക്ക് വിവാഹബന്ധമില്ലെന്നും പിതാവ് മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതിക്കാരിക്ക് രണ്ട് വാടക കെട്ടിടങ്ങളില്‍നിന്ന് വാടക ലഭിക്കുന്നുവെന്നു പറഞ്ഞ കുടുംബകോടതി ഹരജി തള്ളി. ഈ വിധിക്കെതിരെയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടി അവിഹിത ബന്ധത്തില്‍ തനിക്കുണ്ടായ മകളാണെന്ന് പിതാവ് മൊഴി നല്‍കിയിരുന്നതായും ഡിഎന്‍എ പരിശോധനാഫലം അത് ശരിവയ്ക്കുന്നതായും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം നിയമപരവും അല്ലാത്തതുമായ മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും സംരക്ഷണം നല്‍കേണ്ടത് ഒരാളുടെ കടമയാണ്. ഇവിടെ പിതാവ് മകളുടെ അമ്മയുമായുള്ള നിയമപരമായ വിവാഹബന്ധം നിഷേധിക്കുകയാണ്. പക്ഷേ, അവര്‍ തമ്മില്‍ നിയമപരമായ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പ്രസക്തമല്ല. നിയമപരമാണെങ്കിലും അല്ലെങ്കിലും മറ്റു വരുമാനമില്ലാത്തിടത്തോളം കാലം അവിവാഹിതയായ മകളെ സംരക്ഷിക്കല്‍ പിതാവിന്റെ ബാധ്യതയാണ്. അമ്മമാരോടൊപ്പം വളരുന്ന പെണ്‍മക്കള്‍ക്ക്, അമ്മയ്ക്ക് വരുമാനമുണ്ടെങ്കില്‍പോലും വിവാഹസമയത്ത് പിതാവില്‍നിന്ന് സാമ്പത്തിക സഹായം കിട്ടാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it