Alappuzha local

വേമ്പനാടന്‍ തീരം വിഴുങ്ങാന്‍ ഭൂമാഫിയ ; ഒത്താശയുമായി അധികൃതര്‍



ചേര്‍ത്തല: വേമ്പനാട്ടു കായല്‍ തീരപ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കുന്നു. കൈയേറ്റം നിയന്ത്രിക്കേണ്ട അധികൃതര്‍ ഇക്കൂട്ടര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ആക്ഷേപം ഉയരുന്നു. കായലിനുസമീപമുള്ള സ്ഥലങ്ങളും, പാടശേഖരങ്ങളും, ജലാശയങ്ങളും നീര്‍ത്തടനിയമം  ലംഘിച്ച് നികത്തുകയാണ്. പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം  കായലോര പ്രദേശങ്ങളിലാണ് അനധികൃത കൈയേറ്റം വ്യാപകമായിരിക്കുന്നത്. നികത്തല്‍ തകൃതിയായതിനാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും പ്രദേശത്ത് രൂക്ഷമാണ്.  ബിനാമി പേരുകളിലാണ് ഇവര്‍ കൂടുതലായും ഭൂമി വാങ്ങിക്കൂട്ടുന്നത്. ഭൂമി നല്‍കാത്തവരെ ഭീഷണിപ്പെടുത്തിയും സ്വന്തമാക്കുകയാണ്.  ഇത്തരം തിരിമറിക്ക് റവന്യൂ അധികൃതര്‍ ഒത്താശ ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു.  ഏക്കറുകണക്കിന് പാടശേഖരങ്ങളാണ് ഇവിടെ നികത്തുന്നത്. രാത്രിയില്‍ ലോറിയില്‍ പൂഴികൊണ്ടുവന്നാണ് നികത്തുന്നത്. നികത്തുന്നത് തടയാന്‍ എത്തുന്നവരെ  ഭൂമാഫിയ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യുകയാണ്. റവന്യൂപോലീസ് അധികാരികള്‍ നികത്തലിന് ഒത്താശ ചെയ്തു നല്കുകയാണെന്ന ആക്ഷേപവുമായി ചില രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തുന്നുണ്ടെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അപ്രത്യക്ഷമാകുകയാണ് പതിവ്. നിലം നികത്തുന്നത് നാട്ടുകാര്‍ വില്ലേജ് അധികൃതരെ അറിയിച്ചാല്‍ സ്റ്റോപ്പ് മെമ്മോ ഉടമയ്ക്ക് നല്‍കിയെന്ന ഒഴുക്കന്‍ മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്. ഇവയുടെ പകര്‍പ്പ് പോലീസ് സ്റ്റേഷന്‍, കൃഷി ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണമെന്ന നിയമം വില്ലേജ് അധികൃതര്‍ ബോധപൂര്‍വം അട്ടിമറിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ ഓഫീസിലേക്ക് പോകേണ്ട രേഖകള്‍ വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുകളും ലക്ഷങ്ങളുടെ ഇടപാടും നടക്കുന്നുണ്ടെന്നാണ് ആരോപണം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍  അനധികൃതകൈയേറ്റത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന കൈയേറ്റത്തിനെതിരെ സ്ഥലം ഉടമ പഞ്ചായത്തില്‍ പരാതി നല്കിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും ഈ പ്രദേശം കൈയേറി  അനധികൃതമായി കെട്ടിടം നിര്‍മിച്ചതായും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് സ്ഥലം ഉടമ  ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ അനധികൃത കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it