thrissur local

വേനല്‍ ശക്തമായി; തീരദേശ മേഖല വെന്തുരുകുന്നു

കെ എം അക്ബര്‍
ചാവക്കാട്: വേനല്‍ ശക്തമായതോടെ തീരമേഖല വെന്തുരുകുന്നു. കനത്ത ചൂടിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നട്ടം തിരിയുന്ന അവസ്ഥയിലാണ് തീരദേശവാസികള്‍. അതേസമയം പ്രകൃതി നശീകരണമാണ് ചൂട് അനുഭവപ്പെടുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
കാലാവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്ന മരങ്ങള്‍ പ്രദേശങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇല്ലാതായതോടെയാണ് ഇത്രയും ശക്തമായ ചൂട് ഉയരാന്‍ കാരണമായതും ക്രമാതീതമായി താപനില ഉയരാന്‍ ഇടയാക്കിയതും. അതുകൊണ്ട് തന്നെ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. മേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. ചൂടില്‍ പുറത്തിറങ്ങുന്നവര്‍ മികച്ച മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ചൂട് കടുക്കുന്ന ഉച്ചനേരങ്ങളില്‍ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനാണ് നിര്‍ദേശം. കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുന്നതിനെ ശക്തമായി നിരുല്‍സാഹപ്പെടുത്തുന്നുമുണ്ട്. കോട്ടന്‍, ലിനന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. പുറത്തുപോകുമ്പോള്‍ മുഖാവരണവും കൂളിംഗ് ഗ്ലാസുകളും കരുതണം. കുടയും തൊപ്പിയും ഉപയോഗിക്കുന്നത് ഏറെ അഭികാമ്യം. വെള്ളവും പഴച്ചാറുകളും പഴങ്ങളും ധാരാളമായി ഉപയോഗിക്കണമെന്നും യാത്രക്കാര്‍ കഴിയുന്നത്ര വെള്ളം കുടിക്കുകയും വെള്ളക്കുപ്പികള്‍ കരുതുകയും വേണം. ഉപ്പ് ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. വെയിലില്‍ യാത്ര ചെയ്ത് അകത്തെത്തിയാലുടന്‍ കാലുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അന്തരീക്ഷ താപനില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് മുതല്‍ 10 ഡിഗ്രിവരെ താപനില വര്‍ദ്ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ പൊതുജനങ്ങള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. രോഗങ്ങള്‍ ഉള്ളവര്‍ ഈ നേരത്ത് സൂര്യപ്രകാശം ഏല്‍ക്കരുത്. പരമാവധി ശുദ്ധജലം കുടിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദശിച്ചു. അതേസമയം വേനല്‍ച്ചൂടില്‍ ജില്ല വെന്തുരുകുകയാണ്.
ജില്ലയിലെ താപനില 38 ദശാശം 4 ഡിഗ്രി സെല്‍ഷ്യസ്. ഇത്തവണ വേനല്‍ച്ചൂട് 2016ലെ പോലെ രൂക്ഷമാകുമെന്നാണ് മണ്ണുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 2016ല്‍ ജില്ലയില്‍ താപനില നാല്‍പത് ഡിഗ്രിയില്‍ എത്തിയിരുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍ കനക്കും. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉരുകിയൊലിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതായത് കേരളത്തില്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം 42 ഡിഗ്രിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
തീരദേശമേഖലകളിലും ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കും. അത്യുഷ്ണത്തോടൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷമാകും. ജില്ലയിലെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കനത്ത ചൂടില്‍ ജില്ലയില്‍ നിരവധിപേര്‍ക്ക് കഴിഞ്ഞവര്‍ഷം സൂര്യാഘാതം ഏറ്റിരുന്നു.
വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴില്‍ വകുപ്പ് ഇടപെട്ട് തൊഴിലാളികളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് ജോലി സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. പകല്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വേനല്‍ച്ചൂട് ശക്തമായതിനെ തുടര്‍ന്ന് ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലിസുകാര്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കാന്‍ കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ നഗരത്തില്‍ പോലിസ് ഡ്യൂട്ടിയിലുള്ള 19 ട്രാഫിക് പോയിന്റുകളില്‍ പോലിസുകാര്‍ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവും കുടിവെള്ളം എത്തിച്ച് തുടങ്ങിയതായി എസിപി പി വാഹിദ് അറിയിച്ചു. ചൂടിനെ നേരിടാന്‍ അനുയോജ്യമായ കരുതല്‍ നടപടികളെടുക്കണമെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര പോലിസിന് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it