kannur local

വേനല്‍ കനത്തു; മലയോരത്ത് വരള്‍ച്ച രൂക്ഷം

ഇരിട്ടി: വനത്തില്‍നിന്നുള്ള ചെറു കൈത്തോടുകളും വറ്റിത്തുടങ്ങിയതോടെ മലയോരത്ത് മുമ്പെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമം രൂക്ഷമായി. ആറളം വനത്തില്‍നിന്ന് ഉത്ഭവിക്കുന്ന ചെറുതോടുകളാണ് പൂര്‍ണമായും വറ്റിയത്. ഭൂഗര്‍ഭജല വിതാനം കുറയ്ക്കുന്ന രീതിയില്‍ മേഖലയില്‍ കുഴല്‍കിണര്‍ നിര്‍മാണം വ്യാപകമായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറളം, അയ്യംകുന്ന്, പായം പഞ്ചായത്തുകളിലായി അമ്പതോളം കുഴല്‍കിണറുകളാണ് കുഴിക്കപ്പെട്ടത്.
നിയന്ത്രണം നീക്കിയതോടെ വീട്ടുകിണറ്റില്‍ വെള്ളമുള്ളവര്‍ പോലും ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നു. വരള്‍ച്ചയുടെ കാഠിന്യം അതിര്‍ത്തിഗ്രാമങ്ങളില്‍ വന്യമൃഗഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
വനത്തിലെ നീരുറവകള്‍ വറ്റിയതോടെ കുടിവെള്ളം തേടി കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നതും പതിവായി. തുലാവര്‍ഷത്തിന്റെയും വേനല്‍മഴയുടെയും കുറവ് കൂടിയാണ് പ്രതിസന്ധിക്ക് കാരണം.
ഒപ്പം മേഖലയില്‍ നടക്കുന്ന ചെങ്കല്‍ ഖനനം ഉള്‍പ്പെടെയുള്ള അനധികൃത ഖനനങ്ങളും കുന്നിടിക്കലും മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. മേഖലയിലെ ചെറു കൈത്തോടുകളാണ് പ്രദേശത്തെ കിണറുകളെയും കുളങ്ങളെയും സമൃദ്ധമാക്കിയിരുന്നത്. ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ ടാങ്കുകളില്‍ കുടിവെള്ളം എത്തിക്കേണ്ട സാഹചര്യമാണ് സംജാതമായത്.
Next Story

RELATED STORIES

Share it