palakkad local

വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി



കഞ്ചിക്കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളക്ഷാമവും പകര്‍ച്ചവ്യാധികളും വ്യാപിച്ചു തുടങ്ങി. 40 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം 20 ആണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടൂരില്‍ ഡെങ്കിപ്പനി വ്യാപകമാവുന്ന സാഹചര്യം ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടും ഇതുവരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. എലപ്പുള്ളി, മരുതറോഡ് എന്നിവിടങ്ങളില്‍ രണ്ട് വീതവും  പൊല്‍പ്പുള്ളി, പുതൂര്‍, പെരുമാട്ടി, പുതുനഗരം, പുതുശ്ശേരി, പാലക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ വിവിധയിടങ്ങളില്‍ 30 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നു. പള്ളിപ്പുറത്തും, മാട്ടുമന്തയിലും മണ്ണാര്‍ക്കാട്ടും ഓരോ രോഗിക്കും മഞ്ഞപ്പിത്തമുള്ളതായി സ്ഥിരീകരിച്ചു. ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതി പ്രകാരം പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതല്ലാതെ  പ്രവര്‍ത്തനങ്ങള്‍ ഇതുവരെയായി തുടങ്ങാത്ത അവസ്ഥയാണ്.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ മഴക്കാലപൂര്‍വ ശുചീകരണവും കൊതുകിന്റെ ഉറവിട നശീകരണവും സമയബന്ധിതമായി നടത്തുന്നതിനും തീരുമാനിച്ചെങ്കിലും പാലക്കാട് നഗരസഭ ഫോഗിംഗ് പോലും ആരംഭിച്ചിട്ടില്ല. വീടുകളും സ്ഥാപനങ്ങളും  സന്ദര്‍ശിച്ച് ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും പറയുന്നതല്ലാതെ നടപടികള്‍ കടലാസ്സില്‍ ഒതുങ്ങുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. ഡെങ്കിപ്പനിയും ചിക്കന്‍പോക്‌സിനും പ്രതിരോധ നടപടികളുമായി ഹോമിയോ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട രോഗികള്‍ 100 ലേറെയാണെന്ന് ആയുര്‍വ്വേദ വകുപ്പ് അധികൃതരും അറിയിച്ചു. ചിക്കന്‍പോക്‌സിന് ചികില്‍സ തേടുന്നവര്‍ ഒറ്റമൂലിയെ ആശ്രയിക്കുന്നതായും  സൂചനയുണ്ട്. പകര്‍ച്ചവ്യാധി ബോധവത്കരണ ക്യാംപുകള്‍ക്ക് ജില്ലയില്‍  തുടക്കമാവുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും പഞ്ചായത്തുകളും നഗരസഭകളും നടപടികള്‍ക്ക് ഫണ്ട് പോലും വകയിരുത്തിയിട്ടില്ലെന്നാണ് പരാതി.
Next Story

RELATED STORIES

Share it