Kerala

വേനലിലെ നിര്‍ജലീകരണവും വൃക്കയിലെ കല്ലുകളും

വേനലിലെ നിര്‍ജലീകരണവും വൃക്കയിലെ കല്ലുകളും
X
ഡോ.  ഹരിഗോവിന്ദ്  പൊതിയേടത്ത്

നാടിനെ കടുത്ത വരള്‍ച്ചയിലേക്കു തള്ളിവിട്ടു കൊണ്ട് വീണ്ടും വേനല്‍ക്കാലമെത്തി. കുളങ്ങളും കിണറുകളും വറ്റിവരളുന്നതിനൊപ്പം മനുഷ്യനില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സമയമാണിത്. അസഹനീയമായ ചൂടില്‍, ശരീരത്തില്‍ നിന്നു ജലാംശം നഷ്ടപ്പെടുന്ന നിര്‍ജലീകരണം എന്ന അവസ്ഥയില്‍ വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെട്ടേക്കാം. വൃക്കകളിലെ കല്ലുകള്‍ കാരണം ചികില്‍സ തേടി എത്തുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ സങ്കീര്‍ണമായേക്കാം.


രോഗലക്ഷണങ്ങള്‍
ശക്തമായ വേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക,  മൂത്രതടസ്സം, മൂത്രം തീരെ ഇല്ലാത്ത അവസ്ഥ, പനി, സെപ്‌സിസ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങള്‍. ഓരോ രോഗികളിലും വേദനയുടെ കാഠിന്യത്തിലും രോഗലക്ഷണങ്ങളിലും വ്യത്യാസങ്ങള്‍ പ്രകടമായേക്കാം. ആവശ്യമായ മൂത്രം ഉല്‍പാദിപ്പിക്കപ്പെടാതിരിക്കുമ്പോഴും മൂത്രം വരുന്ന വഴി തടസ്സപ്പെടുമ്പോഴുമാണ് വേദന അനുഭവപ്പെടുക. കല്ലിന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് വേദനയുടെ കാഠിന്യത്തിലും വ്യത്യാസം ഉണ്ടാവാം. ചിലര്‍ക്കു വേദന അനുഭവപ്പെടാറുമില്ല.
ജീവിതശൈലി, സാഹചര്യം, സ്ഥാനം, കല്ലിന്റെ വലുപ്പം എന്നിവയനുസരിച്ച് രോഗ തീവ്രതയ്ക്കും വ്യതിയാനം കാണപ്പെടാറുണ്ട്. അതേസമയം, ഒരേ കുടുംബത്തില്‍ ഒരേ സാഹചര്യത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും വൃക്കയില്‍ കല്ല്  എന്ന അവസ്ഥാവിശേഷം      ഉണ്ടാകണമെന്നില്ല.

കല്ലുകളുടെ സ്ഥാനവും
രൂപപ്പെടലും
വൃക്ക, മൂത്രവാഹിനിക്കുഴല്‍, മൂത്രസഞ്ചി എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഖരപദാര്‍ഥങ്ങളാണു കല്ലുകള്‍ എന്നു പറയാം. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ലവണങ്ങളില്‍ നിന്ന് ശരീരം അതിന് ആവശ്യമില്ലാത്തതു പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഇവ വൃക്കയില്‍ അടിഞ്ഞുകൂടുമ്പോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്.
കല്ലുകള്‍ പല ആകൃതിയിലും വലുപ്പത്തിലും കാണാറുണ്ട്. ഏകദേശം 12 അറകളുള്ള വൃക്കകളെ സുപ്പീരിയര്‍, മിഡില്‍, ഇന്‍ഫീരിയര്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവ പെല്‍വിസ് എന്ന ഭാഗത്തേക്കു തുറന്നിരിക്കുന്നു. ഇവിടെ നിന്ന് മൂത്രവാഹിനിക്കുഴലിലൂടെ മൂത്രസഞ്ചിയിലേക്കു തുറക്കുന്നു. 25 സെന്റിമീറ്റര്‍ നീളവും ഏഴു മില്ലിമീറ്റര്‍ വ്യാസവുമാണു മൂത്രവാഹിനിക്കുഴലിനുള്ളത്. ആയതിനാല്‍ ഏഴു മില്ലിമീറ്ററിനേക്കള്‍ വലുപ്പമുള്ള കല്ലുകള്‍ കുഴലുകളെ പരിക്കല്‍പ്പിച്ച് മാത്രമേ താഴേക്കു വരികയുള്ളൂ.
എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, സിടി സ്‌കാനിങ് വഴി വൃക്കയിലെ കല്ലുകളുടെ സാന്നിധ്യം അറിയാം. ഏഴു മില്ലിമീറ്റര്‍ വരെയുള്ള കല്ലുകള്‍ക്ക് മരുന്ന് ഫലപ്രദമാണ്.

ഷോക്ക് വേവ് ലിത്തോട്രിപ്‌സി
കാലംമാറി. ചികില്‍സാരീതികളും പുരോഗമിച്ചു. ഏഴു മുതല്‍ 20 മില്ലിമീറ്റര്‍ വരെയുള്ള വൃക്കയിലെ കല്ലുകള്‍ പൊടിക്കാന്‍ ഷോക്ക് വേവ് ലിത്തോട്രിപ്‌സി പ്രയോഗിക്കാം. ഒരു വാട്ടര്‍ ബലൂണ്‍ വഴി 2500 - 3500 വരെ ഷോക്ക് നല്‍കി കല്ലുകള്‍ പൊടിക്കുന്ന ചികില്‍സാ രീതിയാണ് ഇത്. ആശുപത്രിയില്‍ കിടക്കാതെ ചികില്‍സ കഴിഞ്ഞു രോഗികള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങുകയുമാവാം. പേസ്‌മേക്കര്‍ ഉള്ള രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അഭികാമ്യമല്ല.

റീട്രോഗ്രേഡ് ഇന്‍ട്രാ
റീനല്‍ സര്‍ജറി
മൂത്രക്കുഴലിലൂടെ വൃക്കയിലേക്ക് ഒരു ഫഌക്‌സിബിള്‍ യൂറിറ്ററോസ്‌കോപ് കടത്തിവിട്ട് കല്ലു പൊടിക്കുന്ന രീതിയാണിത്. ഏകദേശം 25 ശസ്ത്രക്രിയകള്‍ക്കു മാത്രമേ എന്‍ഡോസ്‌കോപ് ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ ഇതിന് താരതമ്യേന ചെലവു കൂടുതലാണ്.

പ്രോണ്‍ പിസിഎന്‍എല്‍
കമിഴ്ന്നുകിടക്കുന്ന രോഗിയില്‍ 13 മില്ലിമീറ്റര്‍ മുറിവിലൂടെ വൃക്കയിലേക്കു നേരിട്ട് താക്കോല്‍ദ്വാരം ഉണ്ടാക്കി, അതുവഴി എന്‍ഡോസ്‌കോപ്പിലൂടെ കല്ലുപൊടിച്ചു കളയുന്ന രീതിയാണ് പ്രോണ്‍ പിസിഎന്‍എല്‍. മയക്കം കൊടുത്തു ചെയ്യുന്ന വലിയ ശസ്ത്രക്രിയകളില്‍ ഒന്നാണിത് എന്നു പറയാം.
സുപൈന്‍ പിസിഎന്‍എല്‍
റീട്രോ ഗ്രേഡ് ഇന്‍ട്രാ റീനല്‍ സര്‍ജറിയുടെയും പ്രോണ്‍ പിസിഎന്‍എലിന്റെയും സമന്വയം ആണിത്. മലര്‍ത്തിക്കിടത്തിയ രോഗിയുടെ മൂത്രക്കുഴലിലൂടെ ഒരു സര്‍ജന്‍ എന്‍ഡോസ്‌കോപ്പ് ഇടുകയും, വാരിയെല്ലിന്റെ വശത്തിലൂടെ മറ്റൊരു സര്‍ജന്‍ താക്കോല്‍ദ്വാരമിടുകയും ചെയ്യുന്ന പ്രക്രിയ. ഇങ്ങനെ കല്ലുകള്‍ പൊടിക്കുമ്പോള്‍ നീങ്ങിപ്പോവാനും പഴുപ്പ് ബാധിക്കാതിരിക്കാനുമുള്ള സാധ്യത വളരെ കുറവാണ്.
കൂടാതെ മൂന്നു മില്ലിമീറ്റര്‍ മുറിവിലൂടെ ഏറ്റവും നൂതനമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് കല്ലുകള്‍ പൊടിക്കുന്ന അള്‍ട്രാ മിനി പെര്‍ക്ക്, ഏഴു മില്ലിമീറ്റര്‍ മുറിവിലൂടെ ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ നീക്കുന്ന മിനി പെര്‍ക്ക് എന്നീ ചികില്‍സാ രീതികളുമുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ ചികില്‍സാ രീതികളിലും ലേസര്‍ ഒരു അവിഭാജ്യ ഘടകമാണ്.

വഴിമാറുന്ന ഓപണ്‍ സര്‍ജറി
അതിനൂതന സാങ്കേതികവിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന യൂറോളജി കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഓപണ്‍ സര്‍ജറി ചെയ്യുകയുള്ളൂ. സാങ്കേതികത്തികവും   പരിചയസമ്പന്നതയും കൈമുതലാക്കിയ ഒരു ശസ്ത്രക്രിയാ വിദഗ്ധന് വൃക്കയിലെ കല്ലുകള്‍ക്കു പരിഹാരമേകുന്ന ലേസര്‍ ചികില്‍സാരീതി ആയാസരഹിതമാണ്. അസുഖലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നല്ലൊരു യൂറോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഒഴിവാക്കാനും വൃക്കയിലെ കല്ലുകള്‍ ഉണ്ടാവുന്നത് ഒരു പരിധിവരെ തടയാനും ധാരാളം ശുദ്ധജലം കുടിക്കുകയാണു പോംവഴി. ചുരുങ്ങിയത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

രോഗികളുടെ ഭക്ഷണം
വൃക്കകളില്‍ കല്ലുകളുണ്ടാവുന്നതു തടയുന്നതും മിനറലുകള്‍ സമൃദ്ധമായി അടങ്ങിയതുമായ കാരറ്റ്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികള്‍, വാഴപ്പഴം കൈതച്ചക്ക ജ്യൂസ്, കരിക്കിന്‍വെള്ളം, ബാര്‍ളി, ഓട്‌സ് എന്നിവ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണങ്ങളാണ്. അതേസമയം തക്കാളി, പാലക്, മുള്ളഞ്ചീര, സസ്യേതര ഭക്ഷണങ്ങള്‍ എന്നിവ പരിമിതപ്പെടുത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ി


(കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെട്രോമെഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റിലെ (മിയാര്‍ട്ട്), ചീഫ് യൂറോളജിസ്റ്റും അറിയപ്പെടുന്ന ട്രാന്‍സ്പ്ലാന്റ് സര്‍ജനും ആണ് ഡോ. ഹരിഗോവിന്ദ് പൊതിയേടത്ത്. (ഫോണ്‍: 9400311528).

തയ്യാറാക്കിയത്: സുദീപ് തെക്കേപ്പാട്ട്
Next Story

RELATED STORIES

Share it