വേണം കോണ്‍ഗ്രസ്സില്‍ പുതുമുഖങ്ങള്‍

രാഷ്ട്രീയ കേരളം  -   എച്ച്  സുധീര്‍
വര്‍ത്തമാനകാല കര്‍മങ്ങളിലാണ് നമ്മുടെ ഭാവി എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇന്ന് ഏറ്റവും നന്നായി ഓര്‍മിപ്പിക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ്സിനെയാണ്. കാരണം, കൂടപ്പിറപ്പിനെപ്പോലെ ഗ്രൂപ്പുരാഷ്ട്രീയത്തെ കൊണ്ടുനടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ ചേരിപ്പോരുകള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, 2019ലെ പൊതുതിരഞ്ഞെടുപ്പു ഫലത്തെ കൂടിയാവും ബാധിക്കുക.
ആദ്യകാലത്ത് എ കെ ആന്റണിയും കെ കരുണാകരനുമായിരുന്നു പാര്‍ട്ടിയിലെ ഗ്രൂപ്പുരാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്. പിന്നീട് ആന്റണി കേന്ദ്രത്തിലേക്കു മാറി. ഒപ്പം കരുണാകരന്റെ പ്രതാപകാലം അസ്തമിക്കുകയും ചെയ്തു. പിന്നീട് വന്ന എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, ബിജെപി അതിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനു വേരോട്ടം നല്‍കാന്‍ ശ്രമിക്കുന്ന ഈ വേളയില്‍ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പാര്‍ട്ടി പഠിക്കേണ്ടതുണ്ട്.
മുന്‍കാലങ്ങളില്‍ കേരള മണ്ണിലെ ബിജെപിയുടെ തന്ത്രങ്ങള്‍ക്കെതിരേ നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള മുന്നണിരാഷ്ട്രീയത്തിനു കഴിഞ്ഞിരുന്നെങ്കില്‍ ഇന്നു സ്ഥിതി അതല്ല. ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തലത്തിലാണുള്ളത്. പാര്‍ട്ടിക്കുള്ളിലും പുറത്തും എന്തെല്ലാം ജീര്‍ണതകളും ക്ഷയിക്കലും ഉണ്ടെങ്കിലും ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇന്നും പ്രസക്തമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഈ പശ്ചാത്തലത്തില്‍ ഗ്രൂപ്പുപോരും തമ്മില്‍ത്തല്ലും തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി എന്താവും? ശക്തമായ സംഘടനാ സംവിധാനവും ഏകോപിച്ച പ്രവര്‍ത്തനവും ഇല്ലാത്തതാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന പോരായ്മ.
രാജ്യസഭാ സീറ്റിനു ബിജെപി നേതൃത്വത്തോട് യാചിച്ച നേതാവ് കേരളത്തില്‍ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ ഒരാളായതും ബിജെപിയിലേക്ക് ചേക്കേറാന്‍ കോണ്‍ഗ്രസ്സുകാര്‍ കാത്തുനില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകളും സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തി, മൂന്നാമതൊരു കക്ഷിനേതാവിന്റെ തീരുമാനത്തില്‍ രാജ്യസഭാ സീറ്റു പോലും വിട്ടുകൊടുക്കേണ്ടിവന്നതുമെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം കേരളത്തില്‍ ബിജെപിയുടെ ഹിന്ദു വോട്ടുബാങ്ക് കേന്ദ്രീകരണത്തിനായിരിക്കും ഏറെ ഗുണം ചെയ്യുകയെന്ന് നേതാക്കള്‍ക്ക് വ്യക്തമായിത്തന്നെ അറിയാവുന്ന കാര്യമാണ്. ഇന്ത്യയുടെ മതേതര പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ കഴിയുന്ന ഏക ദേശീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സാണെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരുമെന്നുമുള്ള സ്ഥിരം പല്ലവി യാതൊരു ഉളുപ്പുമില്ലാതെ നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കോണ്‍ഗ്രസ്സിന്റെ നിലവിലെ സംഘടനാ സംവിധാനം ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ പര്യാപ്തമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇന്നു നേരിടുന്ന തിരിച്ചടികള്‍ക്ക് പ്രധാന കാരണം സംസ്ഥാനങ്ങളില്‍ കാര്യമായ സംഘടനാ സംവിധാനം ഇല്ലെന്നതു തന്നെയാണ്. ഗ്രൂപ്പും നേതാക്കളോടുള്ള വിധേയത്വവും നോക്കാതെ പ്രസ്ഥാനത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ജനകീയരായ നേതാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്ന സുതാര്യമായ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തന ശൈലി വീണ്ടെടുത്താല്‍ മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാവൂ.
ഈ സാഹചര്യത്തില്‍ ഇനിയും പ്രതീക്ഷ നഷ്ടപ്പെടാത്ത കേരളത്തിലും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാവിക്ക് നിര്‍ണായക തീരുമാനങ്ങളും പുനഃപ്രതിഷ്ഠകളും അനിവാര്യമാണ്. സ്ഥാനമോഹികളായ വയസ്സന്‍പടയെ വിശ്രമത്തിലേക്ക് തള്ളിവിടേണ്ട സാഹചര്യവും അതിക്രമിച്ചിരിക്കുന്നു.  നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു നേരിട്ട ദയനീയ തിരിച്ചടി  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുന്നു. കാലങ്ങളായി കോണ്‍ഗ്രസ്സിനൊപ്പം താങ്ങും തണലുമായി നിലയുറപ്പിച്ചിരുന്ന ക്രൈസ്തവ-നായര്‍-മുസ്‌ലിം വിഭാഗങ്ങള്‍ മാറിച്ചിന്തിച്ചുതുടങ്ങി എന്നതിന്റെ ഉത്തമോദാഹരണമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്കുകള്‍ പലതും ഇടതുപക്ഷത്തേക്ക് മാറിത്തുടങ്ങിയെന്നത് ഗൗരവമായി കാണാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. കാലത്തിന്റെ ചുവരെഴുത്തുകള്‍ തിരിച്ചറിയാതെ എന്നും ജനം തങ്ങളോടൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗഢ്യമാണ് ഇത്തരമൊരു തകര്‍ച്ചയിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്.
കേരളത്തില്‍ പ്രതിപക്ഷ പദവിയില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ ഉത്തരവാദിത്തം പോലും മറന്ന് പാര്‍ട്ടിക്കുള്ളിലെ വെട്ടിനിരത്തലാണ് പ്രധാന അജണ്ടയായി കൊണ്ടുനടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനോ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനോ ഇവര്‍ ശ്രമിക്കാറില്ല; അതിനു സമയവുമില്ല. എല്‍ഡിഎഫിനെയും ബിജെപിയെയും നേരിടുന്നതിനേക്കാളും ഇന്നു കെപിസിസി നേതൃത്വം കരുക്കള്‍ നീക്കുന്നത് മുന്‍ പ്രസിഡന്റായ വി എം സുധീരനെന്ന ഒറ്റയാനെ തളയ്ക്കുന്നതിനാണ്.
വി എം സുധീരനെയും കെ മുരളീധരനെയും ഒഴിവാക്കി  കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ കോണ്‍ഗ്രസ് യോഗം വിളിച്ചതും അതുകൊണ്ടാണ്. മുന്‍ അധ്യക്ഷന്മാരെ യോഗത്തിനു വിളിക്കേണ്ടെന്ന തീരുമാനം ഹസന്‍ സ്വയം എടുത്തതാകാന്‍ വഴിയില്ലെങ്കിലും   പാപഭാരം അദ്ദേഹത്തിന്റെ തലയിലാണ്. സുധീരനെ ഒഴിവാക്കിയത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തു. അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാത്ത വ്യക്തിത്വമാണ് വി എം സുധീരന്‍. ഈയൊരു ഗുണമുള്ളതുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത സമയത്ത് അദ്ദേഹത്തെ തേടി സംസ്ഥാന അധ്യക്ഷപദവി എത്തിയതും.
കാലങ്ങള്‍ക്കു മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് സുധീരന്‍. അവഗണന മടുത്ത് അന്നേ അദ്ദേഹം ഖദര്‍ ഊരിവച്ചിരുന്നെങ്കില്‍ ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുമായിരുന്നോ? ചുരുക്കത്തില്‍, വി എം സുധീരന്റെ പോരാട്ടം ഇനിയാണ് കോണ്‍ഗ്രസ് നേതൃത്വം കാണാനിരിക്കുന്നതെന്നു വ്യക്തം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് റോളില്ലാത്തതിനാല്‍ ഹസന്‍ യോഗത്തിനു ക്ഷണിച്ചില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഏതു നിമിഷവും ഒടിയാന്‍ സാധ്യതയുള്ള കസേരയില്‍ ഇരിക്കുന്ന ഹസന്റെ ഹൃദയത്തിലാവും മുരളിയുടെ ഈ വാക്കുകള്‍ പതിച്ചിട്ടുള്ളത്.
കേരളാ കോണ്‍ഗ്രസ്സിനു രാജ്യസഭാ സീറ്റ് ദാനം നല്‍കിയതാണ് അടുത്തിടെ കോണ്‍ഗ്രസ്സിനുള്ളില്‍ ഉയര്‍ന്നുവന്ന പ്രകോപനത്തിനു കാരണം. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ചേര്‍ന്നൊരുക്കിയ തന്ത്രം വിജയിപ്പിക്കുന്നതിനു കോണ്‍ഗ്രസ്സിന്റെ അഭിമാനം ബലികഴിച്ചുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പി ജെ കുര്യന്‍ കൈവശം വച്ചിരുന്ന സീറ്റില്‍ പാര്‍ട്ടിയിലെ യുവാക്കള്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് സീറ്റ് ദാനം അരങ്ങേറിയത്. കെ എം മാണിക്ക് സീറ്റ് നല്‍കാനായി ഉമ്മന്‍ചാണ്ടി കളിച്ച നാടകമാണ് ഇതെന്നായിരുന്നു കുര്യന്റെ ആരോപണം. സംഭവം ഏറെ വിവാദമായതോടെയാണ് കോണ്‍ഗ്രസ്സിലെ സംഘടനാ സംവിധാനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്.
കോണ്‍ഗ്രസ് സംഘടനാ സംവിധാനം താഴേത്തട്ടില്‍ തീര്‍ത്തും പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. സംഘടനയില്‍ തിരഞ്ഞെടുപ്പിനു പകരം പെട്ടിയെടുപ്പുകാര്‍ക്കും അടുക്കള ജോലിക്കാര്‍ക്കും സ്ഥാനമാനങ്ങള്‍ വീതിച്ചുനല്‍കുന്ന സമ്പ്രദായം തുടരുന്നതുകൊണ്ട് പാര്‍ട്ടിയിലേക്ക് പുതുരക്തങ്ങള്‍ വരാതായിട്ട് 30 വര്‍ഷത്തിലധികമായി. 70കളില്‍ കോണ്‍ഗ്രസ്സിന്റെ താക്കോല്‍സ്ഥാനങ്ങള്‍ പിടിച്ചെടുത്ത അതേ നേതൃത്വമാണ് 21ാം നൂറ്റാണ്ടിലും തുടരുന്നത്.
Next Story

RELATED STORIES

Share it