malappuram local

വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തകര്‍ന്നു

പൊന്നാനി: 2006 ല്‍ ഏറെ കൊട്ടിഘോഷിച്ച് ഇടതുസര്‍ക്കാര്‍ ഭാരതപ്പുഴയ്ക്കു കുറുകെ നിര്‍മിച്ച വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടറുകള്‍ തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യാത്തതാണ് ഷട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് തുറക്കാന്‍ കഴിയാത്തതിനു കാരണം.റെഗുലേറ്ററിന്റെ 27 ഷട്ടറുകളില്‍ 19 എണ്ണം മാത്രമേ തുറക്കാനുവുന്നുളളു. എട്ട്് ഷട്ടറുകള്‍ക്കാണ് തകരാര്‍ സംഭവിച്ചിട്ടുള്ളത്.
ഭാരതപ്പുഴയില്‍ വെള്ളം നിറഞ്ഞ് ഇരുകരകളും മുട്ടിയപ്പോഴും ഷട്ടറുകള്‍ തുറക്കാന്‍ കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.കനത്തമഴയില്‍ വെളളം ഉയര്‍ന്നതോടെ എല്ലാ ഷട്ടറുകളും തുറക്കണമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതിനു കഴിയാറില്ല. മിക്ക ഷട്ടറുകളും അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ യന്ത്രസാമഗ്രികള്‍ തകരാറിലായെന്നാണു വിവരം. മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജലസേചന വിഭാഗം ജീവനക്കാര്‍ പറയുന്നത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് വടം കെട്ടിയാണ് ചില ഷട്ടറുകള്‍ ഉയര്‍ത്തിയത്. പ്രശ്‌നത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല.ചമ്രവട്ടത്താണ് വെള്ളിയാങ്കല്ല് തടയണയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറുെട ഓഫിസ്.
അതിനാല്‍ കാര്യക്ഷമമായ നിരീക്ഷണം ഉണ്ടാകുന്നില്ലെന്നാണു പരാതി. മഴ ശക്തമായതോടെ വെള്ളം ഒഴുകിപ്പോകാനാവാതെ ഭാരതപ്പുഴയോരത്തെ റോഡുകളിലെല്ലാം വെളളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിക്കടുത്ത് തന്നെ ഒരു സെക്ഷന്‍ ഓഫിസ് തുറക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വെള്ളിയാങ്കല്ല് ഷട്ടറുകള്‍ തുറക്കാന്‍ പറ്റാത്തതാണ് പ്രശ്‌നമെങ്കില്‍ ചമ്രവട്ടം റഗുലേറ്റര്‍ ഷട്ടറുകള്‍ അടയ്്ക്കാന്‍ പറ്റാത്തതാണ് പ്രശ്‌നം. 70 ഷട്ടറുകളില്‍ 32 എണ്ണം പൂര്‍ണമായി അടയ്്ക്കാനാവില്ല. ഷട്ടര്‍ അടച്ചാലും വെള്ളം ശക്തമായി ചോര്‍ന്നുപോവുകയാണ്. ഇതിന്റെ അറ്റകുറ്റപ്പണിക്കായി 26 കോടി രൂപ അനുവദിച്ചെങ്കിലും നിര്‍മാണത്തിലെ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ചോര്‍ച്ച അടയ്്ക്കാന്‍ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it