വെള്ളത്തിനിടയിലും കുടിവെള്ളമില്ലാതെ കുട്ടനാട്

സംസ്ഥാനം മഹാപ്രളയത്തിന്റെ ഓര്‍മകളിലൊഴുകുമ്പോള്‍ രണ്ടു പ്രളയങ്ങളെ നേരിട്ട അനുഭവമാണ്് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാര്‍ക്കുള്ളത്്. സംസ്ഥാനത്ത് പ്രളയം ഏറ്റവുമധികം നാശം വിതച്ച സ്ഥലങ്ങളാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാടും ചെങ്ങന്നൂരും. ജൂലൈ 16നാണ് കുട്ടനാട്ടില്‍ ആദ്യം വെള്ളം ഉയരുന്നത്. അന്നുമുതലേ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള പലായനവും തുടങ്ങിയിരുന്നു. കൃത്യം ഒരുമാസം പിന്നിട്ടപ്പോള്‍ മഹാപ്രളയവും കുട്ടനാടിനെ വിഴുങ്ങി. ഇതോടെ കുട്ടനാടിന്റെയും കേരളത്തിന്റെയും നട്ടെല്ലായ കാര്‍ഷികമേഖല അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു.
ഒരു പുരുഷായുസ്സുകൊണ്ട് സമ്പാദിച്ചത് പ്രളയം കവര്‍ന്നപ്പോള്‍ പലര്‍ക്കും മിച്ചമുള്ളത് ഉടുതുണി മാത്രം. “കെട്ടിപ്പടുക്കാം പുതിയ കേരളത്തെ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധസംഘടനകളും മുന്നോട്ടുപോവുമ്പോള്‍ മഹാപ്രളയത്തിനുശേഷം രണ്ടുമാസം പിന്നി—ട്ടിട്ടും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളിലും പോരായ്മകള്‍ നിരവധി.
വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്നു മറ്റു ജില്ലകള്‍ പലതും അതിവേഗം കരകയറിയപ്പോള്‍ രണ്ടുമാസം പിന്നിട്ടിട്ടും കുട്ടനാട്ടുകാരുടെ ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല.
പ്രളയാനന്തര കുട്ടനാട് നേരിടുന്ന പ്രധാന പ്രതിസന്ധി ശുദ്ധജലക്ഷാമമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടില്‍ ശുദ്ധജലത്തിനു ക്ഷാമമുണ്ടാവുന്നു എന്നത് വിചിത്രമെന്നു തോന്നാമെങ്കിലും ഇവിടത്തുകാര്‍ ഇന്നു നെട്ടോട്ടമോടുന്നത് കുടിവെള്ളം ശേഖരിക്കാനായാണ്. ജലനിരപ്പ് ഇനിയും താഴാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന ചുരുക്കം ചിലരാവട്ടെ വള്ളങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആലപ്പുഴ നഗരത്തിലടക്കം എത്തിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. പ്രദേശവാസികള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കടക്കം ജലം ശേഖരിക്കുന്നതിനായി ഉപയോഗിച്ച കിണറുകള്‍ പ്രളയത്തില്‍ മുങ്ങി മാലിന്യം നിറഞ്ഞ അവസ്ഥയിലായി. നിരവധി തവണ വറ്റിച്ച് ശുദ്ധീകരിച്ചെങ്കില്‍ മാത്രമേ ഇനി ഇവ ഉപയോഗിക്കാനാവൂ എന്നതാണ് അവസ്ഥ. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശുദ്ധ—ജലത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കുട്ടനാടിനെ തള്ളിവിടുന്നത്.
കിണറുകള്‍ കുറവുള്ള കുട്ടനാട്ടില്‍ ലൈന്‍ പൈപ്പുകളെയാണ് പ്രധാനമായും ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്. പ്രളയശേഷം പല ലൈന്‍പൈപ്പുകളിലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരും നല്‍കിയ കുപ്പിവെള്ളമാണ് പ്രളയകാലത്തും ശേഷവും കുട്ടനാട്ടുകാരുടെ ആശ്രയം. ആറുകളിലെ വെള്ളം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്.
വീടുകളിലേക്ക് മടങ്ങിയവരുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിനിന്ന വീടുകള്‍ എപ്പോള്‍ നിലംപതിക്കുമെന്നു പറയാനാവില്ല. ചായയില്‍ മുക്കിയെടുത്ത ബിസ്‌കറ്റ് പോലെയാണ് വീടിന്റെ ഭിത്തികളെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. കൈനകരി പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം വീടുകളും തകര്‍ച്ചാഭീഷണിയിലാണ്. പല വീടുകള്‍ക്കും ചരിവ് സംഭവിച്ചു കഴിഞ്ഞു. കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന കുടുംബം മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അപകടാവസ്ഥയിലായ വീടുകളില്‍ താമസിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. തകര്‍ന്ന വീടുകള്‍ എപ്പോള്‍ പുനര്‍നിര്‍മിക്കുമെന്നോ അറ്റകുറ്റപ്പണി നടത്താന്‍ സഹായധനം എപ്പോള്‍ നല്‍കുമെന്നോ അധികൃതര്‍ക്ക് വ്യക്തമായി പറയാനും കഴിയുന്നില്ല. പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്‌നം. സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന് കക്കൂസുകള്‍ വെള്ളം കയറി ഉപയോഗ ശൂന്യമായി. പ്രളയസമയങ്ങളില്‍ ബയോ ടോയ്‌ലറ്റുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രളയാനന്തരം അവയില്‍ ഭൂരിഭാഗവും എടുത്തുമാറ്റി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രളയം കുട്ടനാടന്‍ കര്‍ഷകരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിയുകയായിരുന്നു

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്്: എം എം സലാം



Next Story

RELATED STORIES

Share it