wayanad local

വെള്ളച്ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആലോചിക്കും : മന്ത്രി



കല്‍പ്പറ്റ: ജില്ലയിലെ വെള്ളച്ചാട്ടങ്ങളും ചെറുകിട ജലസേചന പദ്ധതികളും മറ്റും ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുവാനാവുമോ എന്ന കാര്യം ആരായുമെന്നു വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാടിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ചെലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ തന്നെ വേണമെന്നു മന്ത്രി പറഞ്ഞു. സൗരോര്‍ജവും കാറ്റാടി സാങ്കേതങ്ങളും ചെലവേറിയതാണ്. ലാഭകരമല്ലാത്തതിനാല്‍ കായംകുളം താപനിലയത്തില്‍ ഇപ്പോള്‍ ഉല്‍പാദനമില്ല. ഒരു യൂനിറ്റ് സൗരോര്‍ജമുണ്ടാക്കാന്‍ ആറര രൂപയാവും. നാലേക്കര്‍ സ്ഥലമുണ്ടെങ്കിലേ കാറ്റില്‍ നിന്ന് ഒരു യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനാവൂ. 500 കോടി രൂപ ചെലവിട്ട ശേഷം പ്രവര്‍ത്തനം നിര്‍ത്തിയ പള്ളിവാസല്‍, മാങ്കുളം പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. നിലവില്‍ നമുക്കാവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാനാവുന്നുള്ളൂ. ജില്ലയില്‍ വനഗ്രാമങ്ങളിലെ 244 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ വനംവകുപ്പ് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതു മറികടന്ന് അവര്‍ക്ക് വൈദ്യുതി എത്തിക്കുക തന്നെ ചെയ്യും. ഇടുക്കിയിലെ ഇടമലക്കുടിയില്‍ അഞ്ചര കോടി ചെലവിട്ട് വനത്തിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി നല്‍കിയത്. ഈ സര്‍ക്കാര്‍ വന്നശേഷം 4,70,000 പേര്‍ക്ക് വൈദ്യുതി നല്‍കാനായി. ഇതില്‍ ഒന്നര ലക്ഷവും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി നല്‍കിയതാണ്. വൈദ്യുതി രംഗത്തുള്‍പ്പെടെ കേരളം നേടിയ വലിയ നേട്ടങ്ങള്‍ സംസ്ഥാനത്തിന് തിരിച്ചടിയാവുന്നത് പരിതാപകരമാണെന്നു മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, സാക്ഷരത, പാര്‍പ്പിടം തുടങ്ങി കേരളം ബഹുദൂരം മുന്നിലായ പലരംഗങ്ങളിലും മുന്നേറാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമ്പോള്‍ നമ്മുടെ നേട്ടം ചൂണ്ടിക്കാണിച്ച് ഫണ്ട് നിഷേധിക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നു മന്ത്രി പറഞ്ഞു. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉമൈബ മൊയ്തീന്‍കുട്ടി, എഡിഎം കെ എം രാജു, കെഎസ്ഇബി വിതരണം-സുരക്ഷാ വിഭാഗം ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി കുമാരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, കെഎസ്ഇബി വയനാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സണ്ണി ജോണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it