ernakulam local

വെള്ളക്കുഴിയില്‍ ഇരുന്നു ഓട്ടോ തൊഴിലാളിയുടെ ഒറ്റയാള്‍ പ്രതിഷേധം

മരട്: നെട്ടൂര്‍ തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളക്കുഴിയില്‍ ഇരുന്ന് ഓട്ടോ തൊഴിലാളിയുടെ ഒറ്റയാള്‍ പ്രതിഷേധം. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന നെട്ടൂര്‍ ഐഎന്‍ടിയുസി-അമ്പലക്കടവ് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളം കെട്ടിക്കിടക്കുന്ന റോഡിലെ കുഴിയില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
നെട്ടൂര്‍ ഐഎന്‍ടിയുസി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ നെട്ടൂര്‍ മനക്കച്ചിറയില്‍ ഷെരിലാല്‍ ആണ് ഒറ്റയാള്‍ സമരം നടത്തിയത്. ഈ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരേ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്റെ പിടിവാശിയാണ് റോഡ് പണിക്ക് തടസ്സമായതെന്ന് ഭരണ പക്ഷത്തെ കൗണ്‍സിലര്‍മാര്‍പോലും പറയുന്നു. ഭരണപക്ഷത്തെ ചില അംഗങ്ങള്‍ തങ്ങളുടെ ഫണ്ട്  റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ തയ്യാറായെങ്കിലും വൈസ് ചെയര്‍മാന്‍ സമ്മതിക്കാത്തതാണ് കാരണമെന്നു പരക്കെ ആക്ഷേപമുണ്ട്. ഒടുവില്‍ കെ വി തോമസിന്റെ എംപി ഫണ്ടില്‍ നിന്നും 50  ലക്ഷം രൂപ ഈ റോഡ് നിര്‍മാണത്തിനായി അനുവദിച്ചു. ഇതു പ്രാവര്‍ത്തികമായി വരാന്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റോഡ് നന്നാക്കുന്നതിന് തുക പാസ്സാക്കിയിട്ടുണ്ട് എന്ന് അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയതല്ലാതെ മറ്റു നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it