wayanad local

വെറുതെ വിട്ട പ്രതിക്ക് പുനര്‍ വിചാരണയില്‍ നാലരവര്‍ഷം തടവ്



മാനന്തവാടി: പുനര്‍വിചാരണയില്‍ പീഡനക്കേസിലെ പ്രതിക്ക് നാലര വര്‍ഷം തടവ്. നടവയല്‍ സ്വദേശിനിയായ ആദിവാസി യുവതിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് പ്രതി പുല്‍പ്പള്ളി കൊളറാട്ടുകുന്ന് ക്ലബ്ബിന്‍ ചാക്കോ(29)യെ എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി ഇ അയൂബ് ഖാന്‍ പത്തനാപുരം വിവിധ വകുപ്പുകളിലായി നാലരവര്‍ഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. യുവതി വിവാഹം കഴിക്കാനാവശ്യപ്പെട്ടപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തുകയും അഭ്യര്‍ഥന നിരസിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഈ സംഭവത്തില്‍ കേണിച്ചിറ പോലിസ് കേസെടുക്കുകയായിരുന്നു. 2015 മാര്‍ച്ച് 12ന് പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടു. വിധിക്കെതിരേ ഇര ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താന്‍ ഹൈക്കോടതി സ്‌പെഷ്യല്‍ കോടതിക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധിയുണ്ടായത്. പഴയ തെളിവുകള്‍ തന്നെയാണ് പുതിയ കേസിലും കോടതി പരിഗണിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തില്‍ 2016ല്‍ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും 2014ലെ ആക്റ്റ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. എസ്‌സി, എസ്ടി ആക്റ്റ് സെക്ഷന്‍ 3 പ്രകാരവും സിആര്‍പിസി 235 വകുപ്പ് പ്രകാരവും നാലുവര്‍ഷം തടവും 2 ലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. ഈ തുക ഇരയ്ക്കു നല്‍കാനും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it