wayanad local

വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രചാരം നല്‍കിപൂപ്പൊലിയില്‍ മാതൃകാ തോട്ടം

അമ്പലവയല്‍: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും പുത്തന്‍ മാതൃകകളും കര്‍ഷകരിലേക്ക് എത്തിക്കുന്ന പ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചയപ്പെടുത്തുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പുഷ്പങ്ങള്‍ എന്ന പുതിയ രീതി സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മയും അറിവും  നല്‍കുന്നതാണ്. പൂപ്പൊലിയുടെ പ്രവേശന കവാടത്തിനടുത്തും ഡാലിയ ഗാര്‍ഡനോട് ചേര്‍ന്നുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. വീടിന്റെ അകത്തളത്തുവരെ പരീക്ഷിക്കാവുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് രീതി ഇന്നു പലരും അനുവര്‍ത്തിക്കുന്നുണ്ടെന്ന് അര്‍എആര്‍എസ് ജീവനക്കാര്‍ പറഞ്ഞു. അതിനാല്‍ തന്നെ പൂപ്പൊലിയില്‍ എത്തുന്ന സന്ദര്‍ശകരില്‍ പലരും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ശാസ്ത്രീയ വശങ്ങളും മറ്റും സ്വായത്തമാക്കിയ ശേഷമാണ്  ഇവിടം വിടുന്നത്. പച്ചക്കറികളും ഈ രീതിയില്‍ നട്ടുവളര്‍ത്താം. ചെറിയ സ്ഥലത്ത് ചെടികളുടെ കൂടുതല്‍ ശേഖരണമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വലിയ മേന്മ. ഒരു ചതുരശ്ര അടിയില്‍ കുറഞ്ഞത് 10 മുതല്‍ 15 വരെ ചെടികള്‍ വയ്ക്കാം. ചെടിച്ചട്ടികളില്‍ ചകിരിച്ചോറ് അടങ്ങിയ മിശ്രിതത്തിലാണ് തൈകള്‍ നടുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയില്‍ വളര്‍ത്താം.നഗരത്തില്‍ ഹരിത ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ആശയമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. കേരളത്തില്‍ 60 ശതമാനം ജനങ്ങള്‍ക്കും പരിമിതമായ ഭൂമി മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം രീതികള്‍ പരീക്ഷിച്ചു തുടങ്ങിയത്. കുടുംബകൃഷി പരമാവധി പ്രോല്‍സാഹിപ്പിക്കുന്നതു വഴി കൂടുതല്‍ പേരെ വരുമാനമുളളവരാക്കി മാറ്റാന്‍ കഴിയും. ഓരോ വീടും പരിസരവും പച്ചക്കറികളുടെയും പഴങ്ങളുടെയും പൂക്കളുടെയും കലവറയാക്കി മാറ്റാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതി ഏറെ സഹായകരമാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it